ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടെ വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്രം. ബിൽ അവതരണത്തെ ചരിത്രനിമിഷമെന്ന് വിശേഷിപ്പിച്ച മോദി, ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വ്യക്തമാക്കി. രാഷ്ട്രീയവും ദിശയും മാറ്റിമറിക്കുന്ന ബില്ലാണിത്. സ്ത്രീകൾക്ക് ഭരണത്തിന്റെ ഭാഗമാകാനുള്ള വലിയ അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
25-30 വർഷങ്ങൾക്ക് മുൻപ് ഈ ആശയം ആദ്യമായി വിഭാവനം ചെയ്തപ്പോൾതന്നെ നടപ്പിലാക്കേണ്ടതായിരുന്നു. ഇന്നത് പക്വമായ ഘട്ടത്തിലെത്തിനിൽക്കുകയാണ്. കാലം ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ മാറ്റങ്ങൾ വരുത്താറുണ്ട്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. നമ്മുടെ വികസനയാത്രയിലേക്ക് പുതിയൊരു മാനംകൂടി ചേർക്കാനുള്ള സുവർണാവസരമാണ് നമുക്കെല്ലാവർക്കുംകൂടി ലഭിച്ചിരിക്കുന്നതെന്നും ബില്ലിനെക്കുറിച്ച് അദ്ദേഹം പാർലമെന്റിൽ സംസാരിച്ചു.
വിവിധ കാരണങ്ങളാൽ വൈകിപ്പോയ വനിതാ സംവരണ ബിൽ നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇതിനെ എതിർക്കുന്നവരോട് രാജ്യത്തെ സ്ത്രീകൾ ക്ഷമിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. റെയിൽവേയും അടിസ്ഥാന സൗകര്യങ്ങളും മാത്രമല്ല, നയരൂപവത്കരണത്തിൽ സ്ത്രീകളുടെ സജീവ പങ്കാളിത്തം കൂടി ഉറപ്പാക്കുന്ന 'സബ്കാ സാത്ത് സബ്കാ വികാസ്' എന്ന കാഴ്ചപ്പാടിലൂടെ മാത്രമേ പൂർണമായ 'വികസിത് ഭാരതം' സാധ്യമാകൂ. രാജ്യത്തെ പകുതി വരുന്ന ജനസംഖ്യയെ ഭരണപ്രക്രിയയുടെ ഭാഗമാക്കുന്നത് ഇന്ത്യയുടെ ഭാവി വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
രാജ്യത്തെ പകുതി ജനസംഖ്യ വരുന്ന സ്ത്രീകളെ ഉൾപ്പെടുത്തിയുള്ള ഈ സുപ്രധാന രാഷ്ട്രനിർമാണ പ്രക്രിയയിൽ പങ്കാളികളാകാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണ്. ഈ അവസരം പ്രയോജനപ്പെടുത്തി ഭരണസംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ എം.പി.മാർ ഒത്തുചേരണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Published: 16 Apr 2026, 04:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented