ന്യൂഡൽഹി: 2011 ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള വനിതാ സംവരണ നിയമം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. സർക്കാരിനോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

To advertise here,

നിർദ്ദിഷ്ട ചട്ടക്കൂടിനു കീഴിൽ ലോകസഭയിലെ ആകെ സീറ്റുകളുടെ എണ്ണം 543 ൽ നിന്ന് 816 ആയി ഉയരും, ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും.  ബിൽ ഭേദഗതി നടപ്പിലായാൽ കേരളത്തിൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 29 ആയി ഉയരുമെന്നാണ് സൂചന. നിയമസഭാ സീറ്റുകൾ 210 ആയി ഉയരും.  ഭേദഗതി പാസായാൽ 2027ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലോ, 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലോ നിയമം നടപ്പിലാകും

പുതിയ ജനസംഖ്യാകണക്കെടുപ്പ്, മണ്ഡല പുനർനിർണയം എന്നിവയ്ക്ക് ശേഷം മാത്രമേ സംവരണം പ്രാബല്യത്തിൽ വരൂ എന്നാണ് നിയമത്തിൽ പറയുന്നത്. നിയമത്തിലെ 5-ാം വകുപ്പ് പ്രകാരം നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ആദ്യത്തെ സെൻസസിന് ശേഷം നടത്തുന്ന മണ്ഡലപുനർനിർണയ നടപടികൾക്ക് ശേഷമെ വനിതാ സംവരണം നടപ്പിലാക്കാനാകു. നിയമത്തിലെ ഈ വകുപ്പിലാണ് ഭേദഗതി കൊണ്ടുവരാനൊരുങ്ങുന്നത്. നിലവിൽ നടക്കുന്ന ബജറ്റ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിച്ച് നിയമം ഭേദഗതി ചെയ്യാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.  ഇതിനൊപ്പം മണ്ഡല പുനർനിർണയത്തിനുള്ള ഡി ലിമിറ്റേഷൻ നിയമത്തിലും ഭേദഗതി വരും.

പ്രതിപക്ഷ പാർട്ടികളുമായി ഇതിനായി സമവായമുണ്ടാക്കാനുള്ള ചർച്ചകൾക്കും കേന്ദ്രം തുടക്കമിട്ടിട്ടുണ്ട്. കാബിനറ്റ് അംഗീകാരത്തിന് ശേഷം ഭേദഗതി ബിൽ അടുത്ത ആഴ്ച രാജ്യസഭയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. 2023 ൽ പാസാക്കിയ വനിതാ സംവരണ നിയമ പ്രകാരം ലോകസഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകൾ വനിതകൾക്കായി നീക്കിവെക്കും. എന്നാൽ ജനസംഖ്യാ കണക്കെടുപ്പ്, മണ്ഡല പുനർനിർണയ  നടപടികൾ തീർപ്പാകാത്തതിനാൽ നിയമം ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

ഭരണഘടനാഭേദഗതി ആയതിനാൽ അനുച്ഛേദം 368(2) പ്രകാരം ഇരുസഭകളിലെയും മൊത്തം ഹാജരായ അംഗങ്ങളുടെ മൂന്നിൽ രണ്ട് അംഗങ്ങളുടെ അംഗീകാരം ആവശ്യമാണ്. ലോക്സഭയിൽ 240 ഉം രാജ്യസഭയിൽ 103 ഉം എംപിമാരുള്ള ബിജെപിയ്ക്ക്, പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയില്ലാതെ ഭേദഗതി പാസാക്കാനാകില്ല. അതിനാലാണ് പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തുന്നത്. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസുമായി ചർച്ച നടന്നില്ലെങ്കിലും ബിജെഡി ഉൾപ്പെടെയുള്ള കക്ഷികളുമായി അമിത് ഷാ ചർച്ചകൾ നടത്തിയിട്ടുണ്ട്. വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിനുള്ള രീതികളും കർമ്മ പദ്ധതിയും ചർച്ച ചെയ്യാൻ ഒരു സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജുവിനോട് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു.