ഇംഫാല്‍: മണിപ്പുരിലുണ്ടായ വെടിവെപ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു. കലാപകാരികളാണ് വെടിവെപ്പിന് പിന്നിലെന്നാണ് സംശയം. കൊല്ലപ്പെട്ട സ്ത്രീയുടെ മകള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റു. പടിഞ്ഞാറന്‍ ഇംഫാലിലെ കദംഗ്ബന്ദിലാണ് അക്രമമുണ്ടായത്. മെയ്തി വിഭാഗത്തിന് മേല്‍ക്കൈയുള്ള പ്രദേശമാണ് ഇത്.

To advertise here,

നഗംഗ്ബാം സുര്‍ബല എന്ന 31-കാരിയാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം ഇംഫാലിലെ റീജ്യനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് (റിംസ്) മാറ്റി.  രണ്ട് പോലീസുകാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

കദംഗ്ബന്ദിനുനേരെ ബോംബാക്രമണവും ഉണ്ടായി. ഡ്രോണ്‍ ഉപയോഗിച്ച് വീടിന് മുകളില്‍ ബോംബ് വര്‍ഷിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ഡ്രോണ്‍ വീടിന് മുകളില്‍ ബോംബിടുന്നതിന്റേയും വീട്ടുകാര്‍ പ്രാണരക്ഷാര്‍ഥം ഓടുന്നതിന്റേയും ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഗ്രാമവാസികള്‍ പറഞ്ഞു. 

കദംഗ്ബന്ദിലെ വീടുകള്‍ക്ക് കാവല്‍ നിന്നിരുന്ന ചിലര്‍ പ്രത്യാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, സുരക്ഷാസേന ഇതുവരെ വിഷയത്തില്‍ ഇടപെട്ടിട്ടില്ല.