ന്യൂഡല്‍ഹി: പി.എം. കെയേഴ്‌സ് പണം ദുരന്തനിവാരണ നിധിയിലേക്ക് മാറ്റേണ്ടെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചോദ്യങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. മാര്‍ച്ചിലെ ആദ്യ അഞ്ചു ദിനങ്ങളില്‍ ഫണ്ടിലേക്ക് സംഭാവന നല്‍കിയവരെ കുറിച്ചുളള വിശദാംശങ്ങളുള്‍പ്പടെ നിരവധി ചോദ്യങ്ങളാണ് ചിദംബരം ഉന്നയിച്ചിരിക്കുന്നത്.
'കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിക്കുന്നതിലെ നടപടിക്രമങ്ങള്‍ എന്താണ്? ഫണ്ട് ശേഖരണം ആരംഭിച്ചതു മുതല്‍ ആരെല്ലാമാണ് ഇതിന്റെ ഗുണഭോക്താക്കള്‍? ഗുണഭോക്താക്കളില്‍നിന്ന് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോ? ഫണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്താണെങ്കില്‍ ഈ സുപ്രധാന ചോദ്യങ്ങള്‍ക്ക് ആരാണ് ഉത്തരം നല്‍കുക?
2020 മാര്‍ച്ചിലെ ആദ്യ അഞ്ചു ദിവസങ്ങളില്‍ 3076 കോടി രൂപ സംഭാവന നല്‍കിയത് ആരാണ്? അവരില്‍ ചൈനീസ് കമ്പനികളുണ്ടോ? 2020 ഏപ്രില്‍ ഒന്നുവരെ ലഭിച്ച തുക എത്രയാണ്? ആരൊക്കെയാണ് സംഭാവന നല്‍കിയവര്‍?' ചിദംബരം ചോദിക്കുന്നു.
സുപ്രീം കോടതി വിധിയില്‍ കോണ്‍ഗ്രസ് നേരത്തേ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അതേസമയം, സുപ്രീം കോടതി ഉത്തരവ് രാഹുല്‍ ഗാന്ധിക്കും അദ്ദേഹത്തിന്റെ ആക്ടിവിസ്റ്റുകള്‍ക്കുമുള്ള തിരിച്ചടിയാണെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ട്വിറ്ററില്‍ കുറിച്ചിരുന്നു
പി.എം. കെയേഴ്സ് ഫണ്ടിലെ പണം ദേശീയ ദുരന്തനിവാരണ നിധിയിലേക്കു മാറ്റണമെന്ന ഹര്‍ജിയാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയത്. കോവിഡിനെ പ്രതിരോധിക്കാന്‍ പുതിയ ദുരിതാശ്വാസപദ്ധതി ആവശ്യമില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.പ്രശാന്ത് ഭൂഷന്റെ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
പി.എം. കെയേഴ്‌സിലേക്കുള്ള സംഭാവന സ്വമേധയാ ഉള്ളതാണ്. അതുപോലെ ദുരന്തനിവാരണ നിധിയിലേക്ക് പണം നല്‍കുന്നത് തടയുന്ന നിയമങ്ങളുമില്ല. ഈ സാഹചര്യത്തില്‍ ജീവകാരുണ്യ ട്രസ്റ്റായ പി.എം. കെയേഴ്‌സിലെ ഫണ്ട് ദുരന്തനിവാരണ നിധിയിലേക്കു മാറ്റേണ്ട ആവശ്യമില്ല. വേണമെങ്കില്‍ സര്‍ക്കാരിന് അതു ചെയ്യുന്നതിനു തടസ്സവുമില്ല - എന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
പൊതുചാരിറ്റബിള്‍ ഫണ്ട് ആയതിനാല്‍ സി.എ.ജി. ഓഡിറ്റ് ആവശ്യമില്ലെന്നും കോടതി പറഞ്ഞു. പി.എം. കെയേഴ്സിലെ തുക ദുരന്തനിവാരണ നിധിയിലേക്കു മാറ്റി കോവിഡ് പ്രതിരോധത്തിന് ചെലവാക്കണമെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ആവശ്യം.
Content HighlightsWho are the donors?Do they include Chinese firms? asks P.Chidambaram
Published: 19 Aug 2020, 12:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented