ന്യൂഡൽഹി: പിഎം കെയേഴ്‌സ് ഫണ്ട്, പിഎം ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലോക്‌സഭയിൽ അനുവദിക്കേണ്ടതില്ലെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റിന് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. ഈ ഫണ്ടുകളിലെ പണം സർക്കാരുമായി ബന്ധപ്പെട്ടതല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. ഈ ഫണ്ടുകൾ സമാഹരിക്കുന്നത് പൊതുജനങ്ങളിൽ നിന്നായതിനാൽ സർക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്വമല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടുന്നു.
ലോക്‌സഭാ നടത്തിപ്പ് ചട്ടങ്ങളുമായി ബന്ധപ്പെട്ട റൂൾ 41(2) (viii), 41(2)(xvii) എന്നിവ പ്രകാരം ഈ മൂന്നു ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും നടപടികളും അനുവദനീയമല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്‌സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചിരിക്കുന്നത്. സർക്കാറിന്റെ പരിഗണനയിൽ ഇല്ലാത്തതോ സർക്കാരിന് പ്രാഥമികമായി ഉത്തരവാദിത്വമില്ലാത്ത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവയുമായി ബന്ധപ്പെട്ടതോ ആയ ചോദ്യങ്ങൾ ഉന്നയിക്കരുതെന്നാണ് ഈ ചട്ടങ്ങളിൽ പറയുന്നത്.
ഈ ഫണ്ടുകൾ പൊതുജനങ്ങൾ സ്വമേധയാ നൽകുന്ന സംഭാവനകൾ അടിസ്ഥാനമാക്കി രൂപീകരിച്ചവയാണെന്നും ഇവ സർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ടിന്റെ ഭാഗമല്ലെന്നുമാണ് വിശദീകരണം. ഈ മൂന്നു ഫണ്ടുകളേക്കുറിച്ചുള്ള ചോദ്യങ്ങളോ സീറോ അവർ നോട്ടീസുകളോ വന്നാൽ അവ അനുവദിക്കണമോ എന്ന് തീരുമാനിക്കാൻ മുകളിൽ പറഞ്ഞ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
അതേസമയം, രാജ്യത്തെ ജനങ്ങൾക്കും പാർലമെന്റ് അംഗങ്ങൾക്കും ഈ ഫണ്ടുകളുടെ നടത്തിപ്പിനെക്കുറിച്ച് അറിയാൻ അവകാശമുണ്ടെന്നും അതിനാൽ ഈ വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കുമെന്നുമാണ് പ്രതിപക്ഷ അംഗങ്ങളുടെ തീരുമാനം.
കോവിഡ് പോലുള്ള അടിയന്തര സാഹചര്യങ്ങൾക്കായി പണം സ്വരൂപിക്കുന്നതിനായുള്ള ചാരിറ്റബിൾ ട്രസ്റ്റാണ് പിഎം കെയേഴ്‌സ്. പ്രകൃതി ദുരന്തം, അപകടം, കലാപം എന്നിവ ബാധിച്ചവർക്കാണ് പിഎം ദേശീയ ദുരിതാശ്വാസ ഫണ്ട് വഴി സഹായം ലഭിക്കുന്നത്. സായുധ, അർധസൈനിക സേനകളിലെ അംഗങ്ങളുടെ ക്ഷേമത്തിനും കുടുംബങ്ങളെ സഹായിക്കുന്നതിനുമായാണ് എൻഡിഎഫ് ആരംഭിച്ചത്.
Content Highlights: PMO directs Lok Sabha Secretariat not to allow questions on PM Cares, National Relief, and Defence Funds, citing they are not government funds. Opposition plans to raise issue.
Published: 09 Feb 2026, 10:59 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented