ന്യൂഡൽഹി: 2024-25 സാമ്പത്തിക വർഷത്തിൽ പി.എം. കെയേഴ്‌സ് ഫണ്ടിലേക്കെത്തിയ ആകെ തുകയിൽ വർധനയുണ്ടായതായി ഓഡിറ്റ് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ആകെ ലഭിച്ച തുകയിൽ വർധനവുണ്ടായെങ്കിലും വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമുള്ള സംഭാവനകളിൽ കുറവുണ്ടായിട്ടുണ്ട്. ഫണ്ടിലുള്ള തുക ബാങ്കുകളിൽ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചതിലൂടെ ലഭിക്കുന്ന പലിശയാണ് ഇപ്പോൾ വരുമാനത്തിന്റെ വലിയൊരു ഭാഗമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

To advertise here,

കഴിഞ്ഞ സാമ്പത്തിക വർഷം ഫണ്ടിലെത്തിയ ആകെ തുക 8,452.95 കോടി രൂപയാണ്. മുൻ വർഷമിത് 7,188.63 കോടി രൂപയായിരുന്നു. മാർച്ച് 31-ലെ കണക്കനുസരിച്ച് ഫണ്ടിന്റെ പക്കലുള്ള ആകെ തുക 8,452 കോടി രൂപയാണ്. ഇതിൽ ഏകദേശം 93 ശതമാനവും സ്ഥിരനിക്ഷേപങ്ങളായാണ് സൂക്ഷിച്ചിരിക്കുന്നത്. 7,846.65 കോടി രൂപയാണ് ഇത്തരത്തിൽ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ളത്. ഈ സ്ഥിരനിക്ഷേപങ്ങളിൽനിന്നുള്ള പലിശയിനത്തിൽ മാത്രം 469.38 കോടി രൂപ ഇത്തവണ ലഭിച്ചു. ഫണ്ടിന്റെ ഏറ്റവും വലിയ വരുമാന മാർഗവും ഈ പലിശയാണ്.

ഫണ്ടിലേക്ക് രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും ലഭിക്കുന്ന സംഭാവനകളിൽ ഇത്തവണ കുറവുണ്ടായിട്ടുണ്ട്. മുൻ സാമ്പത്തിക വർഷം രാജ്യത്തിനകത്തുനിന്ന് 681.81 കോടി രൂപ സംഭാവനയായി ലഭിച്ചിരുന്നു. എന്നാൽ, 2024-25ൽ ഇത് 479.05 കോടി രൂപയായി കുറഞ്ഞു. വിദേശ സംഭാവനകളും 11.35 ലക്ഷത്തിൽനിന്ന് 9.28 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.

മുൻവർഷത്തെ അപേക്ഷിച്ച് ഫണ്ടിൽനിന്നുള്ള ചെലവുകളിലും ഇത്തവണ വലിയ കുറവുണ്ട്. മുൻ സാമ്പത്തിക വർഷം 15.60 കോടി രൂപ വിവിധ ആവശ്യങ്ങൾക്കായി നൽകിയിരുന്ന സ്ഥാനത്ത്, 2024-25ൽ 87.85 ലക്ഷം രൂപ മാത്രമാണ് ചെലവാക്കിയിട്ടുള്ളത്. ലഭിച്ച ആകെ തുകയിൽ വർധനയുണ്ടായെങ്കിലും സംഭാവനകളിൽ ഇടിവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.

കോവിഡ് പോലുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായാണ് 2020-ൽ പി.എം. കെയേഴ്‌സ് ഫണ്ട് രൂപീകരിച്ചത്.