
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം നടത്തിയ യുവാവ് പോലീസിന് നല്‍കിയ മൊഴി പുറത്ത്. ഡല്‍ഹിയില്‍നിന്ന് തെരുവുനായകളെ മുഴുവന്‍ നീക്കംചെയ്യണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് മൂന്ന് ലക്ഷം തെരുവുനായകളുടെ ജീവനെ ബാധിക്കുമെന്ന കാര്യം പറയാനാണ് താന്‍ മുഖ്യമന്ത്രിക്കടുത്തേക്ക് പോയതെന്നാണ് ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ രാജേഷ് സക്രിയയുടെ മൊഴി. അന്വേഷണത്തിന്റെ ഭാഗമായി രാജേഷിന്റെ മൊഴി പോലീസ് പരിശോധിച്ചുവരികയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
മദ്യപിച്ച് സ്ഥിരം പ്രശ്‌നമുണ്ടാകാറുള്ള രാജേഷിന്റെ പശ്ചാത്തലം അറിയുവാനായി ഗുജറാത്ത് പോലീസിന്റെ സഹായവും ഡല്‍ഹി പോലീസ് തേടിയിട്ടുണ്ട്. അതേസമയം, ആക്രമണത്തിന്റെ യഥാര്‍ഥ ലക്ഷ്യം സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന മൊഴികളാണ് ആദ്യം രാജേഷ് പോലീസിന് നല്‍കിയതെന്നാണ് വിവരം. തിഹാര്‍ ജയിലിലുള്ള തന്റെ ബന്ധുവിന് നീതി ലഭിക്കാനാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ അടുത്തെത്തിയതെന്നാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥനോട് രാജേഷ് പറഞ്ഞത്. എന്നാല്‍, തെരുവുനായ വിഷയം സംബന്ധിച്ച് രാജേഷ് ഡല്‍ഹിയിലുണ്ടെന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നതിനാല്‍ ഈ മൊഴി പോലീസ് തളളികളയുകയായിരുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് രാജേഷെന്നാണ് ഡല്‍ഹി പോലീസിന്റെ കണ്ടെത്തൽ. ഗുജറാത്തില്‍ 2017-നും 2023-നുമിടയില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജേഷെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഈ കേസുകള്‍. എന്നാല്‍, അഞ്ചില്‍ നാല് കേസുകളിലും രാജേഷിനെ കുറ്റവിമുക്തനാക്കിയിരുന്നു. മുഖ്യമന്ത്രി രേഖാ ഗുപ്തയെ ആക്രമിച്ചതിന് രാജേഷിനെതിരെ കൊലപാതക ശ്രമം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ആക്രമണം തനിക്കുനേരെ മാത്രമല്ല ജനങ്ങളെ സേവിക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയ്ക്ക് നേരെയുള്ള ഭീരുത്വപരമായ സമീപനമെന്നാണ് രേഖാ ഗുപ്താ എക്‌സില്‍ കുറിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ നടത്തിയ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഡല്‍ഹി മന്ത്രി കപില്‍ മിശ്രയും പ്രതികരിച്ചു.
Content Highlights: what Rekha Gupta attacker claimed he wanted to tell her
Published: 21 Aug 2025, 09:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented