ഹരിദ്വാര്‍: ജനങ്ങള്‍ കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്ന് മാറി ചിന്തിക്കണമെന്നും നമ്മുടെ വ്യക്തിത്വത്തില്‍ അഭിമാനിക്കാന്‍ ശീലിക്കണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷം പിന്നിടുന്നു. വിദ്യാഭ്യാസ മേഖലയിലെ മെക്കോള രീതി ഉപേക്ഷിക്കണമെന്നും നായിഡു ആവശ്യപ്പെട്ടു. രാജ്യത്ത് ഉയര്‍ന്ന വിഭാഗത്തിന് മാത്രം വിദ്യാഭ്യാസം എന്ന രീതിയാണ് മെക്കോള കൊണ്ടുവന്ന സമ്പ്രദായമെന്നും അദ്ദേഹം ആരോപിച്ചു.

To advertise here,

നൂറ്റാണ്ടുകളുടെ കൊളോണിയല്‍ ഭരണം സ്വയം ഒരു താഴ്ന്ന വിഭാഗമായി ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിച്ചു. ഇത് രാജ്യത്തിന്റെ വളര്‍ച്ചയെ പോലും പിന്നോട്ടടിച്ചു. വിദേശ ഭാഷയിലൂടെയുള്ള വിദ്യാഭ്യാസ സമ്പ്രദായം പോലും നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസമെന്നത് വളരെ ചെറിയ ഒരു സമൂഹത്തിന് മാത്രമായി ചുരുക്കി. നമ്മുടെ സംസ്‌കാരം പാരമ്പര്യം, പിതാമഹര്‍ എന്നിവയില്‍ അഭിമാനിക്കുകയാണ് വേണ്ടത്. സ്വന്തം മാതൃഭാഷയെ സ്‌നേഹിച്ചുകൊണ്ട് പരമാവധി ഇന്ത്യന്‍ ഭാഷകള്‍ പഠിക്കാന്‍ ഇന്ത്യക്കാര്‍ തയ്യാറാകണം- ഹരിദ്വാറില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.

ഇംഗളീഷ് ഭാഷ അറിയാവുന്ന വിദേശികള്‍ പോലും പല പൊതു ചടങ്ങുകളിലും അവരുടെ മാതൃഭാഷയില്‍ സംസാരിക്കുന്നു. അവരുടെ മാതൃഭാഷയോടുള്ള അവരുടെ സ്‌നേഹമാണ് അത് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ യുവാക്കളോടാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും മാതൃഭാഷയെ സ്‌നേഹിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കുന്നു എന്ന ആരോപണത്തോട് അതില്‍ എന്താണ് തെറ്റെന്നാണ് നായിഡു ചോദിച്ചത്.