കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. സംസ്ഥാനത്തുടനീളം 400 പ്രത്യേക കാന്റീനുകളിലൂടെ അഞ്ച് രൂപയ്ക്ക് മീൻകൂട്ടിയുള്ള ഊണ് ലഭ്യമാക്കുമെന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. 

To advertise here,

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് 'അന്നപൂർണ്ണ യോജന' എന്ന പുതിയ സാമ്പത്തിക സഹായ പദ്ധതിക്കും സർക്കാർ തുടക്കമിട്ടു. ഈ പദ്ധതി പ്രകാരം അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ വീതം ധനസഹായം നൽകും. മെയ് 27 മുതൽ പദ്ധതിയുടെ അപേക്ഷാ ഫോമുകൾ വിതരണം ചെയ്തു തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും അന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിനായി മദ്യശാലകൾക്ക് കർശന നിയന്ത്രണം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിമുതൽ സ്കൂളുകൾ, കോളേജുകൾ, ക്ഷേത്രങ്ങൾ എന്നിവയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ മദ്യശാലകൾ അനുവദിക്കില്ലെന്നുംം അദ്ദേഹം പറഞ്ഞു.

ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി എം.എൽ.എമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താൻ വിവിധ ജില്ലകളിൽ യോഗങ്ങൾ സംഘടിപ്പിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കുര, ഈസ്റ്റ്-വെസ്റ്റ് ബർധമാൻ, നാദിയ, നോർത്ത് 24 പർഗാന തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം മേഖലായോഗങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. തങ്ങളുടെ കാഴ്ചപ്പാടുകളും പ്രകടനപത്രികയും ഭരണസംവിധാനത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുകയാണ് ജനസമ്പർക്ക പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.