കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ വ്യാപക ക്രമക്കേടെന്ന് പരാതി. ഡയമണ്ട് ഹാർബറിലെ ഫൽത്ത നിയോജക മണ്ഡലത്തിലെ ബൂത്തിൽ വോട്ടിങ് യന്ത്രങ്ങളിൽ ബിജെപി, സിപിഎം സ്ഥാനാർഥികളുടെ ബട്ടണുകൾ ടേപ്പ് ഉപയോഗിച്ച് മറച്ചെന്ന് ബിജെപി ആരോപിച്ചു. പരാതികൾക്കിടയിലും ബംഗാളിൽ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച അഞ്ചു മണിവരെയുള്ള കണക്കനുസരിച്ച് 89.99 ശതമാനമാണ് ബംഗാളിലെ പോളിങ്.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ജഹാംഗീർ ഖാന്റെ സ്വാധീനമേഖലകളിൽ വ്യാപക ക്രമക്കേടുകൾ നടന്നതായാണ് ബിജെപിയുടെ പരാതി. ബട്ടണുകൾ ടേപ്പ് ഉപയോഗിച്ച് മറച്ച വോട്ടിങ് മെഷീനിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബിജെപി നേതാക്കൾ പരാതിപ്പെട്ടതിനെത്തുടർന്ന് ഫൽത്തയിലെ ചിലയിടങ്ങളിൽ വോട്ടെടുപ്പ് താത്കാലികമായി നിർത്തിവെച്ചു.
പരാതി ഗൗരവത്തിലെടുത്ത തിരഞ്ഞെടുപ്പ് കമ്മീഷൻ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും കൃത്രിമം നടന്നതായി വ്യക്തമായാൽ റീപോളിങ് നടത്തുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഫൽത്തയിൽ വോട്ടിങ് യന്ത്രത്തിലെ ബട്ടണുകൾ ടേപ്പ് ഉപയോഗിച്ച് മറച്ചതായി പ്രാഥമിക തെളിവുകൾ ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് എംപിയുമായ അഭിഷേക് ബാനർജിയുടെ ശക്തമായ സ്വാധീനമേഖലയാണ് സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാർബർ.
ഇവിഎമ്മിലെ ബിജെപി സ്ഥാനാർഥിയുടെ ചിഹ്നത്തിന് മുകളിൽ ടേപ്പ് ഒട്ടിച്ച് വോട്ടർമാരെ തടഞ്ഞതായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി തന്റെ ലോക്‌സഭാ സീറ്റ് സുരക്ഷിതമാക്കാൻ ഉപയോഗിച്ച അതേ രീതിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഫൽത്തയിലെ ഹരിദംഗ ഹൈസ്‌കൂളിലെ ബൂത്തിലുൾപ്പെടെ ഇത്തരത്തിൽ ക്രമക്കേട് നടന്നതായി അദ്ദേഹം വീഡിയോ സഹിതം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
ടേപ്പ് ഒട്ടിച്ചതുമായി ബന്ധപ്പെട്ട പരാതികളിൽ പ്രാഥമികമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രിസൈഡിങ് ഓഫീസറിൽനിന്ന് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇവിഎമ്മിൽ കൃത്രിമം നടന്നതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുകയാണെങ്കിൽ ആ ബൂത്തുകളിൽ റീ പോളിങ് നടത്തുമെന്ന് പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രൗണ്ട് ഓഫീസർമാരുടെ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
അതേസമയം, തൃണമൂൽ കോൺഗ്രസ് ആരോപണങ്ങൾ പൂർണമായും നിഷേധിച്ചു. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പായതുകൊണ്ടാണ് ബിജെപി ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ടിഎംസി വക്താവ് റിജു ദത്ത പ്രതികരിച്ചു. കൂടാതെ, തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസ് നിരീക്ഷകൻ അജയ് പാൽ ശർമ്മയും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: Voting suspended at Falta booths following reports of tape covering EVM buttons., BJP alleges TMC influence behind the obstruction of opposition candidate symbols., Election Commission has ordered a probe and threatened repolling if tampering is confirmed., TMC denies allegations, claiming BJP is creating false narratives due to fear of defeat., High voter turnout recorded in West Bengal despite electoral disputes.
Published: 29 Apr 2026, 05:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented