കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്. പാർട്ടി ഇതോടെ പിളരുകയും ചെയ്തു.
തൃണമൂൽ കോൺഗ്രസിന്റെ 58 എംഎൽഎമാരുടെ പിന്തുണ ചൂണ്ടിക്കാട്ടി ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായും അഖ്രുജ്ജമാനെ ചീഫ് വിപ്പായും അംഗീകരിക്കണമെന്നാവശ്യപ്പെട്ട് വിമത എംഎൽഎമാർ നിയമസഭാ സ്പീക്കർ രവീന്ദ്രനാഥ് ബോസിന് കത്ത് നൽകിയിരുന്നു. ഇത് സ്പീക്കർ അംഗീകരിച്ചതായാണ് വിവരം.
തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന അവകാശവാദവുമായി വിമതസംഘം രംഗത്തെത്തിയത് മമതയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ഋതബ്രത ബാനർജിയെയും സന്ദീപൻ സാഹയെയും തൃണമൂൽ നേതൃത്വം നേരത്തെ പുറത്താക്കിയിരുന്നു. എന്നാൽ, ആകെ 80 എംഎൽഎമാരുള്ള പാർട്ടിയിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികം (58 പേർ) അംഗങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് വിമതർ അവകാശപ്പെടുന്നു. കൂറുമാറ്റ നിരോധന നിയമത്തിൽനിന്ന് രക്ഷപ്പെടാൻ ആവശ്യമായ പിന്തുണ ഇവർക്കുണ്ട്. ഇതോടെ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിനായി വിമതർ അവകാശവാദം ഉന്നയിക്കാനുള്ള സാധ്യതയും ഏറിയിരിക്കുകയാണ്.
നേരത്തെ, ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി മമതയുടെ അനന്തരവനും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജി നിർദ്ദേശിച്ചിരുന്നു. എന്നാൽ, എംഎൽഎമാരുടെ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന ആരോപണത്തെത്തുടർന്ന് ഈ നിർദ്ദേശം സ്വീകരിക്കപ്പെട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുകയും മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അനുമതിയോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു. അഭിഷേക് ബാനർജി ഉൾപ്പെടെയുള്ള പ്രമുഖരെ ഈ കേസിൽ ചോദ്യം ചെയ്യാൻ സിഐഡി തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച മമത ബാനർജി തന്റെ വസതിയിൽ വിളിച്ചുചേർത്ത യോഗത്തിൽ വെറും 20 എംഎൽഎമാർ മാത്രമാണ് പങ്കെടുത്തത്. അന്നേ ദിവസം രാത്രിയോടെ തന്നെ വിമതപക്ഷത്തിന് 30 എംഎൽഎമാരുടെ പിന്തുണ ലഭിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എംഎൽഎമാരെ സംഘടിപ്പിച്ച് നടത്തിയ ഈ നീക്കം പെട്ടെന്നുണ്ടായതല്ലെന്നും ദീർഘനാളായി ആസൂത്രണം ചെയ്തതാണെന്നുമാണ് വിലിയിരുത്തൽ.
Content Highlights: West Bengal political turmoil as 58 MLAs defect from Mamata Banerjee's party.
Published: 03 Jun 2026, 05:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented