കൊൽക്കത്ത: പശ്ചിമബംഗാളിൽ അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടി ശക്തമാക്കിയതോടെ, പതിറ്റാണ്ടുകളായി ഇന്ത്യയിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നതിന്റെ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പലായനം ചെയ്യുന്നവരിൽ കേരളം, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആശാരിപ്പണി, നിർമ്മാണത്തൊഴിൽ, വീട്ടുജോലി എന്നിവ ചെയ്തിരുന്നവരുമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇത്തരത്തിൽ അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ സഹായിക്കുന്ന ഏജന്റുമാരുണ്ടെന്നും വ്യാജരേഖകൾ തയ്യാറാക്കി നൽകി സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാക്കളും സഹായിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളും ഇവർ വെളിപ്പെടുത്തിയതായി ഇന്ത്യാ ടുഡെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

To advertise here,

ബിഎസ്എഫ് പട്രോളിങ്ങിലെ ചെറിയ പഴുതുകൾ പോലും ഏജന്റുമാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അത്തരം പഴുതുകൾ കണ്ടെത്തിയാൽ വെറും 10 മിനിറ്റിനുള്ളിൽ ആളുകളെ ഇന്ത്യയിലേക്ക് കടത്തിവിടാൻ സാധിക്കുമെന്നും കുടിയേറ്റക്കാർ വെളിപ്പെടുത്തി. രാത്രിയുടെ മറവിൽ പട്രോളിങ് ഇല്ലാത്ത ഭാഗങ്ങളിലൂടെയാണ് ഏജന്റുമാർ ആളുകളെ എത്തിക്കുന്നത്. അതിർത്തി കടക്കുന്നതിനായി ഒരാളിൽ നിന്ന് 7,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഏജന്റുമാർ ഈടാക്കുന്നത്. ചില സന്ദർഭങ്ങളിൽ 20,000 രൂപ വരെ നൽകേണ്ടി വന്നിട്ടുണ്ടെന്നും വെളിപ്പെടുത്തലുകളുണ്ട്. പുഴകൾ നീന്തിക്കടന്നാണ് പലരും ഇന്ത്യയിലേക്ക് എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ എത്തിയ ശേഷം വോട്ടർ കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ സംഘടിപ്പിക്കാൻ പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർ സഹായിച്ചതായി കുടിയേറ്റക്കാർ പറയുന്നു. ബംഗാളിലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഇത്തരം രേഖകൾ സംഘടിപ്പിക്കാൻ സഹായിച്ചതായും ഇതുവഴി 'ലക്ഷ്മിർ ഭണ്ഡാർ' ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റിയതായും ചിലർ വെളിപ്പെടുത്തിയതോടെ ബംഗാളിൽ നടന്നുവന്നിരുന്ന വലിയ തട്ടിപ്പാണ് പുറത്തായത്.

കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ആശാരിപ്പണി, നിർമ്മാണജോലി, വീട്ടുജോലി എന്നിവ ചെയ്തിരുന്നവരാണ് തിരികെ പോകുന്നവരിൽ അധികവും. കേരളത്തിൽ ജോലി ചെയ്തിരുന്ന ഒരാൾ വെളിപ്പെടുത്തിയതുപ്രകാരം, താമസസൗകര്യം ലഭിക്കാൻ പോലും ആധാർ കാർഡ് നിർബന്ധമാക്കിയതാണ് ഇത്തരക്കാരെ പ്രതിസന്ധിയിലാക്കിയത്. അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന വീട്ടുടമസ്ഥർക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും ലഭിക്കുമെന്ന ഭീതിയെത്തുടർന്ന് ഇവർക്ക് താമസസൗകര്യം നൽകാനും ഇപ്പോൾ ആരും തയ്യാറാകുന്നില്ല. ഇതും തിരികെ പോകാൻ ഇവരെ പ്രേരിപ്പിക്കുന്നു.

അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടികളുമായി ബംഗാളിലെ സുവേന്ദു അധികാരി സർക്കാർ മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയാൽ കോടതിയിൽ ഹാജരാക്കാതെ നേരിട്ട് ബിഎസ്എഫിന് കൈമാറാനാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി നിർദ്ദേശം നൽകിയിരിക്കുന്നത്. മാത്രമല്ല ഇവരെ ഹോൾഡിങ് സെന്ററുകളിലേക്ക് മാറ്റുമെന്ന ഭീതിയും നിലനിൽക്കുന്നു. അനധികൃത കുടിയേറ്റക്കാർക്ക് നൽകിവരുന്ന സർക്കാർ ആനുകൂല്യങ്ങൾ നിർത്തലാക്കുമെന്നും സുവേന്ദു അധികാരി വ്യക്തമാക്കിയിരുന്നു.

അതേസമയം ബംഗാൾ സർക്കാരിന്റെ നയങ്ങൾക്ക് പിന്തുണയുമായി കേന്ദ്രസർക്കാരുമുണ്ട്. സ്വന്തം ഇഷ്ടപ്രകാരം മടങ്ങുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. തിരികെ പോകുന്നവരുടെ ബയോമെട്രിക് വിവരങ്ങൾ അധികൃതർ ശേഖരിക്കുന്നുണ്ട്. ഭാവിയിൽ വീണ്ടും ഇന്ത്യയിൽ എത്തിയെങ്കിൽ ഇവർ അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തുന്നത് എളുപ്പമാക്കാനുമാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയുടെ 79 ശതമാനവും ഇതിനോടകം വേലി കെട്ടി സുരക്ഷിതമാക്കിയതായും ശേഷിക്കുന്ന ഭാഗങ്ങളിലെ നിർമ്മാണം പുരോഗമിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.