
രാജ്ഭവനില്‍ നടന്ന കോമ്പിങ് സെര്‍ച്ചിന് നേതൃത്വം നല്കുന്ന ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് | Photo: ANI
കൊല്‍ക്കത്ത: ബിജെപിയിലെ കുറ്റവാളികളെ ഗവര്‍ണര്‍ സംരക്ഷിക്കുന്നു എന്ന തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംപിയുടെ ആരോപണത്തെ തുടര്‍ന്ന് കൊല്‍ക്കത്ത പോലീസുമായി ചേര്‍ന്ന് രാജ്ഭവനില്‍ തിരച്ചില്‍ നടത്തി ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. തിങ്കളാഴ്ച, തന്റെ ഉത്തര ബംഗാള്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് ഗവര്‍ണര്‍ രാജ്ഭവന്‍ വളപ്പില്‍ നടന്ന അസാധാരണ തിരച്ചിലിന് നേതൃത്വം നല്‍കിയത്. പരിശോധന തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. രാജ്ഭവന്‍ വളപ്പിനുള്ളില്‍ ആയുധങ്ങളും കുറ്റവാളികളുമുണ്ട് എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി ഉന്നയിച്ച ആരോപണത്തിന് പിന്നാലെയാണ് ഗവര്‍ണര്‍ സി.വി ആനന്ദബോസിന്റെ അസാധാരണ നീക്കം. ശ്രീറാംപുരില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കല്യാണ്‍ ബാനര്‍ജി ഗവര്‍ണര്‍ക്കെതിരെ ആരോപണമുന്നയിച്ചത്.
'എനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതവും തെറ്റാണെന്നും സ്ഥാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഇത്തരമൊരു നടപടി ആവശ്യമായി വന്നത്. ഞാന്‍ തീര്‍ച്ചയായും ബാനര്‍ജിക്കെതിരെ നിയമനടപടി സ്വീകരിക്കും.' ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്ന് ഒദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. തിരച്ചിലില്‍ കൊല്‍ക്കത്ത പോലീസ്, രാജ്ഭവന്‍ പോലീസ് ഔട്ട്‌പോസ്റ്റ്, സിആര്‍പിഎഫ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരടങ്ങിയ സംയുക്ത സംഘം പങ്കെടുത്തു. സുരക്ഷയ്ക്കായി കെട്ടിടം മുഴുവന്‍ ഒഴിപ്പിച്ചു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, സിവില്‍ ഡിഫന്‍സ് ടീമുകളും സ്ഥലത്തുണ്ടായിരുന്നു.
'ഗവര്‍ണര്‍ തിരച്ചില്‍ നടത്തുമ്പോള്‍ ആരെങ്കിലും അവിടെ ബോംബ് വെക്കുമോ? ഇതൊരു ബാലിശമായ പ്രവൃത്തിയാണ്. അമിത് ഷായ്ക്ക് മുന്നില്‍ അദ്ദേഹത്തിന്റെ വിലയിടിഞ്ഞു. എന്തിനാണ് സിആര്‍പിഎഫ്? അദ്ദേഹം എഫ്ബിഐയെ വിളിക്കേണ്ടതായിരുന്നു. അദ്ദേഹം ഇത് എത്രത്തോളം ചെയ്യുന്നുവോ, അത്രത്തോളം ഞങ്ങള്‍ക്കദ്ദേഹത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും.' ഗവര്‍ണറുടെ പ്രവര്‍ത്തിക്ക് മറുപടിയായി കല്യാണ്‍ ബാനര്‍ജി പറഞ്ഞു.'അദ്ദേഹം ലോക്സഭയ്ക്ക് കത്തെഴുതട്ടെ. പാര്‍ലമെന്റില്‍ രാജ്ഭവനെക്കുറിച്ച് ചര്‍ച്ചകളൊന്നും നടക്കാറില്ല, ഇപ്പോള്‍ ഇത് അതിനൊരു ചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ സഹായിക്കും. അദ്ദേഹത്തെപ്പോലൊരാള്‍ക്കെതിരെ സംസാരിച്ചതിന് 50 തവണ ജയിലില്‍ പോകാനും ഞാന്‍ തയ്യാറാണ്.' ടിഎംസി എംപി പറഞ്ഞു.- ബാനര്‍ജിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഗവര്‍ണറുടെ മുന്നറിയിപ്പിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
'ബുള്ളറ്റിന്റെയല്ല, ബാലറ്റിന്റെ അടിസ്ഥാനത്തിലാവണം' തിരഞ്ഞെടുപ്പ് എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രപുനഃപരിശോധനയെ (SIR) ഗവര്‍ണര്‍ സി.വി. ആനന്ദബോസ് പരസ്യമായി പിന്തുണച്ചതോടെയാണ് ബംഗാളില്‍ പ്രതിസന്ധി ഉടലെടുത്തത്. സംസ്ഥാനത്തെ അക്രമങ്ങള്‍ക്കും അഴിമതിക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഗവര്‍ണര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത് വന്നു. ഇതിന്റെ ഭാഗമായാണ് ശനിയാഴ്ച, ഗവര്‍ണര്‍ കുറ്റവാളികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് ടിഎംസി എംപി കല്യാണ്‍ ബാനര്‍ജി രൂക്ഷമായ ആരോപണമുന്നയിച്ചത്.
'ആദ്യം ബിജെപിയുടെ കുറ്റവാളികളെ രാജ്ഭവനില്‍ സംരക്ഷിക്കരുതെന്ന് ഗവര്‍ണറോട് പറയുക. അദ്ദേഹം കുറ്റവാളികളെ അവിടെ താമസിപ്പിക്കുകയും അവര്‍ക്ക് തോക്കുകളും ബോംബുകളും നല്‍കുകയും തൃണമൂല്‍ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹം ആദ്യം ഇത് നിര്‍ത്തട്ടെ.' എന്നായിരുന്നു ബാനര്‍ജിയുടെ വിവാദ പരാമര്‍ശം. ബോസിനെ 'കഴിവുകെട്ട ഗവര്‍ണര്‍' എന്നും 'ബിജെപിയുടെ സേവകനെന്നും' എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ബാനര്‍ജിയുടെ ആരോപണങ്ങളെ നിരാകരിച്ച് രാജ്ഭവന്‍ ശനിയാഴ്ച രാത്രി പ്രസ്താവനയിറക്കി. ഏതെങ്കിലും ആയുധങ്ങളോ വെടിക്കോപ്പുകളോ സൂക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സാധാരണക്കാരും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന 100 അംഗങ്ങളോടൊപ്പം ഞായറാഴ്ച രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ ബാനര്‍ജിയെ ഗവര്‍ണര്‍ വെല്ലുവിളിച്ചു. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ ബാനര്‍ജി മാപ്പ് പറയുകയോ, വിദ്വേഷ പ്രസംഗത്തിന് നിയമനടപടി നേരിടുകയോ ചെയ്യണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
ഗവര്‍ണറുടെ പുതിയ നടപടി, രാജ്ഭവനും സംസ്ഥാന സര്‍ക്കാരുംതമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംഘര്‍ഷം കൂടുതല്‍ വഷളാക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. തിരഞ്ഞെടുപ്പിന് മുമ്പുള്ള തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ഗവര്‍ണറുടെ അഭിപ്രായപ്രകടനം ഈ സംഘര്‍ഷം വര്‍ധിപ്പിച്ചിട്ടുണ്ട്. ഗവര്‍ണര്‍ .സി.വി ആനന്ദബോസിന് തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാരുമായി നല്ല ബന്ധമായിരുന്നുവെങ്കിലും, പിന്നീട് ആ ബന്ധം വഷളാവുകയായിരുന്നു. സംസ്ഥാന സര്‍വകലാശാലകളിലേക്കുള്ള ഇടക്കാല വൈസ് ചാന്‍സലര്‍മാരുടെ നിയമനമാണ് നിലവിലുള്ള ഒരു പ്രധാന തര്‍ക്കവിഷയം. ഗവര്‍ണര്‍ കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും ഏകാധിപത്യരീതി വെച്ചുപുലര്‍ത്തുന്നു എന്നും ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിട്ടും ഗവര്‍ണര്‍ നിയമനങ്ങള്‍ നടത്തുന്നത് തുടരുകയാണ്.
Content Highlights: Bengal Governor C.V. Ananda Bose personally led a search of Raj Bhavan after TMC MP Kalyan Banerjee accused it of sheltering criminals and weapons. Discover the unfolding political drama.
Published: 17 Nov 2025, 09:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented