കൊൽക്കത്ത: പശ്ചിമബംഗാൾ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യംചേരാനുള്ള തൃണമൂൽ കോൺഗ്രസ് നീക്കത്തിന് തിരിച്ചടി. കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെയാണിത്. സഖ്യത്തിന് താൽപര്യമുണ്ടെന്നു പറഞ്ഞ് ടിഎംസി നേതാവും ബംഗാൾ മുൻമുഖ്യമന്ത്രിയുമായ മമതാ ബാനർജി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ബന്ധപ്പെട്ടിരുന്നെന്നും എന്നാൽ അനുകൂല മറുപടിയല്ല ലഭിച്ചതെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് ഇരുപാർട്ടികളിൽനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
നന്ദിഗ്രാം, രെജിനഗർ മണ്ഡലങ്ങളിലാണ് അടുത്തമാസം ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് രണ്ടിടത്തേക്കുമുള്ള സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. രെജിനഗറിൽ മുഹമ്മദ് അബ്ദുല്ലാഹിൽ കഫിയും മിലൻ പ്രധാൻ നന്ദിഗ്രാമിലും ജനവിധി തേടും.
ബിജെപിയെ ആശയപരമായി എതിർക്കുന്ന പാർട്ടികൾക്ക് മുന്നിൽ കോൺഗ്രസ് വാതിൽ അടച്ചിട്ടില്ലെന്ന് പശ്ചിമബംഗാൾ കോൺഗ്രസ് അധ്യക്ഷൻ ശുഭാങ്കർ സർക്കാർ പറഞ്ഞു. എന്നാൽ, നിലവിലെ സ്ഥിതിയിൽ ഒരു സഖ്യത്തെ താഴെവീഴ്ത്താനുള്ള സാധ്യതയാണ് ടിഎംസി കാണുന്നതെന്നും സഖ്യസാധ്യതയെ തള്ളിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
‘പാർട്ടി ചിഹ്നത്തിന് വേണ്ടിയുള്ള തർക്കത്തിലാണ് ടിഎംസി. ശിവസേനയുടെ ചിഹ്ന തർക്കത്തിന്റെ അനുഭവം വച്ചുനോക്കിയാൽ, ബിജെപി നിർദ്ദേശിക്കുന്നതുപോലെയാകും തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിക്കാൻ എല്ലാ സാധ്യതയും. അവർക്ക് ചിഹ്നം നഷ്ടപ്പെട്ടാൽ ആവേശം നഷ്ടപ്പെടുകയും അത് കോൺഗ്രസിനെ ബാധിക്കുകയും ചെയ്യും’, ശുഭാങ്കർ പറഞ്ഞു.
സഖ്യത്തിൽ മത്സരിക്കുന്നപക്ഷം നന്ദിഗ്രാം സീറ്റ് കോൺഗ്രസിന് നൽകാൻ മമത തയ്യാറായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പകരം ന്യൂനപക്ഷത്തിന് മേൽക്കയ്യുള്ള രെജിനഗറിൽ കോൺഗ്രസ് ടിഎംസിക്ക് പിന്തുണ നൽകണമെന്നുമായിരുന്നു ആവശ്യം. ബിജെപി അധികാരത്തിലെത്തിയശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണ് ഇവ. നന്ദിഗ്രാമിലേത് ബിജെപിയുടെ അഭിമാനപോരാട്ടമാണ്. കാരണം, ഭബാനിപുർ മണ്ഡലം നിലനിർത്തി മുഖ്യമന്ത്രി സുവേന്ദു അധികാരി ഒഴിവാക്കിയ മണ്ഡലമാണിത്. മമതാ ബാനർജിയെ ആയിരുന്നു സുവേന്ദു നന്ദിഗ്രാമിൽ പരാജയപ്പെടുത്തിയത്.
Content Highlights: The Trinamool Congress's attempt to form an alliance with the Congress for the West Bengal by-elections faced a setback as Congress decided to contest independently, despite Mamata Banerjee's outreach to AICC General Secretary K.C. Venugopal.
Published: 15 Sept 2026, 09:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented