
ന്യൂഡൽഹി: ഇമിഗ്രേഷൻ ക്ലിയറൻസ് ഇല്ലാതെ മൂന്ന് ഇറ്റലിക്കാർ ഡൽഹിയിൽനിന്ന് മ്യൂണിക്കിലേക്ക് പറന്ന സംഭവത്തിൽ എയർ ഇന്ത്യക്ക് വ്യോമയാനവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. വിമാനക്കമ്പനിയുടെ പാസഞ്ചർ ഹാൻഡ്‌ലിങ് സംവിധാനത്തിലെ വൻ വീഴ്ചയായി ഈ സംഭവത്തെ പരിഗണിച്ചാണ് വകുപ്പിന്റെ നടപടി. കാരണംകാണിക്കൽ നോട്ടീസിന് ഏഴുദിവസത്തിനകം മറുപടി നൽകണം.
സെപ്റ്റംബർ നാലാം തീയതി പുലർച്ചെയായിരുന്നു സംഭവം. അമൃത്സറിൽനിന്ന് എയർ ഇന്ത്യാ വിമാനം എഐ-1115-ലാണ് മൂന്ന് ഇറ്റലിക്കാർ പുലർച്ചെ 12.50 ഓടെ ഡൽഹിയിൽ എത്തിയത്. തുടർന്ന് ഒന്നേമുക്കാലോടെ ഇവർ ലുഫ്താൻസയുടെ എൽഎച്ച്-763-ൽ മ്യൂണിക്കിലേക്ക് പോയി. ഇന്ത്യ വിടുംമുന്നേ ഇവർ ഇമിഗ്രേഷൻ ക്ലിയറൻസിന് വിധേയരായിരുന്നില്ല.
അന്താരാഷ്ട്ര യാത്രക്കാരെ, ചെറുവിമാനത്താവളങ്ങളിൽനിന്ന് പ്രധാന വിമാനത്താവളങ്ങളിലേക്കെത്തിക്കുന്ന എയർ ഇന്ത്യയുടെ സംവിധാനത്തിന്റെ കീഴിലാണ് മൂന്നുപേരും അമൃത്സറിൽനിന്ന് ഡൽഹിയിലെത്തിയത്. ഈ യാത്രയ്ക്കായി ഡൊമസ്റ്റിക് ബോർഡിങ് പാസുകൾ ഇവർക്ക് നൽകിയിരുന്നു. കൂടാതെ, അമൃത്സറിൽവെച്ചുതന്നെ ഇവർക്ക് മ്യൂണിക്കിലേക്കുള്ള ലുഫ്താൻസ വിമാനത്തിൽ പ്രവേശിക്കാനുള്ള ബോർഡിങ് പാസുകളും നൽകിയിരുന്നതായി വ്യോമയാനവകുപ്പിന്റെ കാരണംകാണിക്കൽ നോട്ടീസ് പറയുന്നു.
എയർ ഇന്ത്യയുടെ എസ്ഒപി പ്രകാരം, രണ്ട് വിഭാഗത്തിലുള്ള ബോർഡിങ് പാസുകൾ-ആഭ്യന്തര യാത്രക്കാർക്കുള്ള ഡി ബോർഡിങ് പാസും അന്താരാഷ്ട്ര യാത്രക്കാർക്കുള്ള ഐ ബോർഡിങ് പാസുമേ അനുവദിക്കാൻ പാടുള്ളൂ. എയർ ഇന്ത്യ അധികമായി ബോർഡിങ് പാസുകൾ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് വ്യോമയാന വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസിൽ ചോദിക്കുന്നു.
ഡൽഹിയിൽ എത്തിയ യാത്രക്കാരെ ആഭ്യന്തര യാത്രികരുടെ വിഭാഗത്തിൽനിന്ന് മാറ്റി ഇമിഗ്രേഷനിലേക്ക് വിടേണ്ടതായിരുന്നു. എന്നാൽ, ഇവരെ 39-ാം ഗേറ്റിൽനിന്ന് ഇന്റർനാഷണൽ ടു ഇന്റർനാഷണൽ ട്രാൻസ്ഫർ മേഖലയിലേക്ക് കൊണ്ടുപോയെന്ന് വ്യോമയാന മന്ത്രാലയം പറയുന്നു. തുടർന്ന് അവർ ഇമിഗ്രേഷൻ ക്ലിയറൻസിന് വിധേയരാകാതെ ഡിപ്പാർച്ചറിലേക്ക് പോയി ലുഫ്താൻസ വിമാനത്തിൽ കയറി മ്യൂണിക്കിലേക്ക് പോവുകയായിരുന്നു.
എയർ ഇന്ത്യയുടെ ആഭ്യന്തര-അന്താരാഷ്ട്ര (ഡി-ഐ) സർവീസുകളിൽ പാലിക്കേണ്ട എസ്ഒപി (സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ)കളിൽ അഞ്ചെണ്ണം ലംഘിക്കപ്പെട്ടതായി വ്യോമയാനവകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ആദ്യത്തേത് ഡി, ഐ ബോർഡിങ് പാസുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തേത്, വിമാനം ഇറങ്ങിയശേഷം യാത്രക്കാരെ ആഭ്യന്തര യാത്രികരെന്നും അന്താരാഷ്ട്ര യാത്രികരെന്നും വേർതിരിക്കാതിരുന്നതാണ്. ഈ മൂന്ന് യാത്രികരുടെ കാര്യത്തിൽ എസ്ഒപിയുടെ ഭാഗമായ വേർതിരിക്കൽ ഉണ്ടായിട്ടില്ലെന്ന് വ്യോമയാനവകുപ്പ് പറയുന്നു.
ഐ (ഇന്റർനാഷണൽ) വിഭാഗത്തിൽപ്പെട്ട യാത്രികരെ മാത്രമേ ഇന്റർനാഷണൽ ടു ഇന്റർനാഷണൽ ട്രാൻസ്ഫർ ഡെസ്‌കിൽ എത്തിക്കാൻ പാടുള്ളൂ. എന്നാൽ, മൂന്ന് ഇറ്റലിക്കാരുടെയും കയ്യിലുണ്ടായിരുന്നത് ഡി പാസ് ആണ്. ലംഘിക്കപ്പെട്ടതായി പറയുന്ന മറ്റ് രണ്ട് എസ്ഒപികൾ, നോഡൽ ഓഫീസറെയും നിരീക്ഷണത്തിന് ഉദ്യോഗസ്ഥസംഘത്തെ വിന്യസിക്കുന്നതുമായും ബന്ധപ്പെട്ടുള്ളതാണ്.
Content Highlights: Air India received a show-cause notice from the aviation department after three Italians flew from Delhi to Munich without immigration clearance, highlighting a major lapse in the airline's passenger handling system.
Published: 14 Sept 2026, 09:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented