
കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ബുധനാഴ്ച നടക്കുമ്പോൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനും മുഖ്യപ്രതിപക്ഷമായ ബി. ജെ.പി.ക്കും അതിനിർണായകം. പൂർബ ബർധമാൻ, ഹൂഗ്ളി, നദിയ, 24 പർഗാനാസ് - വടക്ക്, 24 പർഗാനാസ്- തെക്ക്, ഹൗറ, കൊൽക്കത്ത ജില്ലകളിലായുള്ള 142 മണ്ഡലങ്ങളാണ് ബുത്തിലെത്തുന്നത്.
തൃണമൂലിന്റെ നെടുങ്കോട്ടയായ ഈ പ്രദേശങ്ങൾ നിലനിർത്താനായാൽ ഒന്നാം ഘട്ടത്തിൽ സീറ്റുകൾ അല്പം കുറഞ്ഞാൽത്തന്നെയും ഭരണം നിലനിർത്താൻ അവർക്ക് സാധിക്കും. ബി.ജെ.പി.ക്കാകട്ടെ ഈ കോട്ട പൊളിക്കാതെ അട്ടിമറിവിജയം നേടാനാവുകയുമില്ല. ബംഗാളിലെ വടക്കൻ ജില്ലകളെ അപേക്ഷിച്ച് ബൂത്തുതല ശക്തി കുറവായതും ന്യൂനപക്ഷവോട്ടുകളുടെ നിർണായകസ്വഭാവവും ഇവിടെ ബി.ജെ.പി.ക്ക് വലിയ വെല്ലുവിളിയാണ്.
കൊണ്ടുപിടിച്ച് ബി.ജെ.പി.
ഭരണവിരുദ്ധ വികാരവും വലിയ തോതിലുള്ള ഹിന്ദു ധ്രുവീകരണ തരംഗവും ഒരേപോലെ ഉണ്ടായാൽ മാത്രമേ അവർക്ക് പ്രതീക്ഷയ്ക്ക് വകയുള്ളൂ. ഈ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ബി.ജെ.പി. രണ്ടാം ഘട്ടത്തിലെ പ്രചാരണം കൊഴുപ്പിച്ചത്. അവസാനത്തെ ഒരാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പൂർണമായും ബംഗാളിൽ തങ്ങി, റാലികളിലും റോഡ് ഷോകളിലും തുടർച്ചയായി പങ്കെടുത്തു, പ്രചാരണ പരിപാടികൾ ഏകോപിപ്പിക്കുകയും ചെയ്തു. യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വശർമ്മ തുടങ്ങിയ മുഖ്യമന്ത്രിമാരും ഹിന്ദുത്വയിലൂന്നിയ പ്രചാരണത്തിന് കൊഴുപ്പുകൂട്ടി.
അവസാനഘട്ടത്തിൽ പ്രധാനമന്ത്രി മോദിയുടെ ഹൂഗ്ളി നദീ യാത്രയും അമിത് ഷായുടെ ഗംഗാസാഗർ സന്ദർശനവുമൊക്കെ ബംഗാളി സ്വത്വത്തോട് വൈകാരികമായി അടുപ്പം സ്ഥാപിക്കാനുള്ള ശ്രമങ്ങളായി. ജയ് ശ്രീരാം എന്നതിനെക്കാൾ ജയ് മാ കാളി, ജയ് മാ ദുർഗ എന്ന പ്രയോഗങ്ങളോടെ പ്രസംഗങ്ങൾ തുടങ്ങാൻ ബി.ജെ.പി. നേതാക്കൾ ശ്രദ്ധിച്ചു. ആർ.ജി. കർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ അമ്മ മത്സരിക്കുന്ന പാനിഹാട്ടിയിൽ മോദി സ്ത്രീ സുരക്ഷാപ്രശ്നം ഉയർത്തിക്കാട്ടി.
ഏകാംഗസൈന്യമായി മമത
മറുവശത്ത് മമത എന്ന ഏകാംഗ പട്ടാളമാണ് തൃണമൂലിന്റെ രക്ഷാകവചം. സംസ്ഥാനത്ത് മൊത്തം 200-ഓളം പരിപാടികളിൽ പങ്കെടുത്ത അവർ ഇക്കുറി സ്വന്തം മണ്ഡലമായ ഭവാനിപുരിൽ സജീവമായിരുന്നില്ല. അവസാനദിവസം മൂന്ന് മണ്ഡലങ്ങളിലൂടെ കടന്നുപോയ മമതയുടെ 8.5 കിലോമീറ്റർ നീണ്ട പദയാത്രയെ സ്ത്രീകൾ ഏറെ ആവേശത്തോടെയാണ് വരവേറ്റത്. പൗരരുടെ അധികാരങ്ങൾ കവർന്നെടുക്കപ്പെടാതിരിക്കാൻ, ബംഗാളി സംസ്കാരവും ഭക്ഷണശീലങ്ങളും അട്ടിമറിക്കപ്പെടാതിരിക്കാൻ, ലക്ഷ്‌മീർ ഭണ്ഡാർ പോലുള്ള ക്ഷേമപദ്ധതികൾ നഷ്‌ടപ്പെടാതിരിക്കാൻ തൃണമൂലിനെ വീണ്ടും അധികാരത്തിലേറ്റുക. ഇതാണ് മമതയുടെ പ്രസംഗങ്ങളുടെ ആകത്തുക. ജാദവ്പുർ സർവകലാശാലയെ ഭീകരവാദികളുടെ കളരിയായി മോദി വിശേഷിപ്പിച്ചത് തൃണമൂൽ വലിയ തോതിൽ പ്രചാരണ വിഷയമാക്കി.
മത്തുവയിലെ വെല്ലുവിളി
ബി.ജെ.പി.യെ ഏറെ സഹായിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്ന മത്തുവ ബെൽറ്റിലും ഇത്തവണ പ്രചാരണം ഏറെ കടുത്തതായി. ഹിന്ദു പട്ടികജാതി വിഭാഗമായ മത്തുവകളുടെ ആത്മീയകേന്ദ്രമായ ഠാക്കൂർ നഗറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി. പൗരത്വ അപേക്ഷകളിൽ തീരുമാനമാകാത്തതും 24 പർഗാനാസ്-വടക്ക്, നദിയ ജില്ലകളിൽ ലക്ഷക്കണക്കിന് മത്തുവ വിഭാഗക്കാർ എസ്.ഐ.ആറിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ടതും സമുദായത്തിൽ പ്രതിഷേധമുയരാൻ കാരണമായിട്ടുണ്ട്.
2021-ൽ ബി.ജെ.പി. നേടിയ സീറ്റുകളിൽ പകുതിയും മത്തുവ ബെൽറ്റിൽനിന്നായിരുന്നു എന്നതും ഓർക്കേണ്ടതുണ്ട്. ഇതുവരെ വാക്കുപാലിക്കാത്തവരെ ഇനി വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയാണ് തൃണമൂൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഇവിടങ്ങളിലെ യോഗങ്ങളിൽ ആഞ്ഞടിച്ചത്.
ഐ.എസ്.എഫ്. പിന്നെ സി.പി.എമ്മും
പൊതുവേ രണ്ടാംഘട്ട മണ്ഡലങ്ങളിൽ മുസ്‌ലിങ്ങൾ മമതയ്ക്കൊപ്പമാണെങ്കിലും ചില മേഖലകളിൽ ഐ.എസ്.എഫും ശക്തമായ പ്രചാരണം നടത്തുന്നുണ്ട്. പാർട്ടിയുടെ ഏക എം.എൽ.എ.യായ നൗഷാദ് സിദ്ദിഖി മത്സരിക്കുന്ന ഭാംഗർ മണ്ഡലത്തിലും സമീപപ്രദേശങ്ങളും അവർക്ക് ശക്തിയുണ്ട്.
ഏഴുവയസ്സുളള തമന്ന എന്ന മകളെ തൃണമൂൽ അണികളുടെ ബോംേബറിൽ നഷ്ടപ്പെട്ട അമ്മ സമീന യാസ്മിൻ മത്സരിക്കുന്ന നദിയ ജില്ലയിലെ കാളിഗഞ്ചിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം രണ്ടാംഘട്ട പ്രചാരണം അവസാനിപ്പിച്ചത്. പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയും പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തു. സി.പി.എം. മികച്ച മത്സരം നടത്തുന്ന ഉത്തർപാഡ, ദംദം ഉത്തർ, ജാദവ്പുർ, പാനിഹാട്ടി മണ്ഡലങ്ങൾ രണ്ടാംഘട്ടത്തിലാണ്.
കോൺഗ്രസ് രണ്ടാംഘട്ടത്തിൽ പറയത്തക്ക ഘടകമല്ല. എങ്കിലും സ്വന്തമായ വളർച്ച ലക്ഷ്യമാക്കി പ്രത്യേകമായി മത്സരിക്കുന്ന അവർക്ക് പിന്തുണ നൽകാൻ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും പ്രചാരണത്തിനെത്തി.
Content Highlights: High-stakes second phase covering 142 constituencies across key districts., TMC focuses on welfare schemes and Bengali cultural identity protection., BJP intensifies efforts through central leadership and focus on Hindu consolidation., Matua community and minority votes emerge as decisive factors., CPM and ISF influence in specific constituencies adds complexity to the contest.
Published: 29 Apr 2026, 06:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented