ഹൈദരാബാദ്: മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട് ജയസൂര്യയുടെ 'ആട് ഒരു ഭീകരജീവിയാണ്' എന്ന സിനിമ. ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന വാര്‍ത്തയാണ് ഇത്. കല്യാണം മുടക്കാന്‍ തക്ക ശേഷിയുള്ള 'ഭീകരജീവി'യാണ് ആട് എന്നാണ് തെലങ്കാനയില്‍ നിന്നുള്ള ഈ വാര്‍ത്ത പറയുന്നത്. വിവാഹ വിരുന്നില്‍ ആട്ടിന്‍ വിഭവം ഇല്ലാതിരുന്നതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് വധുവിന്റെ കുടുംബം വിവാഹം തന്നെ ഉപേക്ഷിക്കാന്‍ കാരണമായത്.

To advertise here,

തെലങ്കാനയിലാണ് സംഭവം. ജഗ്തിയാല്‍ സ്വദേശിനിയും നിസാമാബാദ് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് മുടങ്ങിയത്. വധുവിന്റെ വീട്ടില്‍ വെച്ച് നവംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. അതിഥികള്‍ക്കായി മാംസവിഭവങ്ങള്‍ ഇവിടെ ഒരുക്കിയിരുന്നു. 

അതിഥികളില്‍ ഒരാള്‍ മട്ടണ്‍ ബോണ്‍ മാരോ (ആടിന്റെ മജ്ജ) കൊണ്ടുള്ള വിഭവം ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആടിന്റെ മജ്ജ കൊണ്ടുള്ള വിഭവം വിരുന്നില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന കാര്യം വധുവിന്റെ വീട്ടുകാര്‍ പററഞ്ഞതോടെ തര്‍ക്കം ആരംഭിച്ചു. കയ്യാങ്കളിയുടെ വക്കോളമെത്തിയപ്പോഴേക്കും പോലീസ് എത്തി. 

പ്രശ്‌നപരിഹാരത്തിനായി പോലീസ് ഉദ്യോഗസ്ഥര്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും വരന്റെ വീട്ടുകാര്‍ വഴങ്ങിയില്ല. കേള്‍ക്കുന്നവരില്‍ ചിരി പടര്‍ത്തുമെങ്കിലും അവര്‍ക്ക് ഇതൊരു 'പ്രസ്റ്റീജ് ഇഷ്യു' ആയിരുന്നു. മട്ടണ്‍ ബോണ്‍മാരോ വിഭവം മെനുവില്‍ ഉള്‍പ്പെടുത്താതിരുന്നത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വരന്റെ കുടുംബം നിലപാട് വ്യക്തമാക്കി. മട്ടണ്‍ ബോണ്‍മാരോ വിഭവം ഇല്ലെന്ന കാര്യം വധുവിന്റെ വീട്ടുകാര്‍ തങ്ങളില്‍ നിന്ന് മനഃപൂര്‍വ്വം മറച്ചുവെച്ചുവെന്ന 'ഗുരുതരമായ ആരോപണ'വും അവര്‍ ഉന്നയിച്ചു. ഇതോടെ വധുവിന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു. 

'ബലഗാം' എന്ന തെലുങ്കിലെ ഹിറ്റ് ചിത്രത്തിന്റെ പ്രമേയവുമായി ഈ സംഭവത്തിന് അതിശയകരമായ സാമ്യമുണ്ടെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മട്ടണ്‍ ബോണ്‍മാരോ വിഭവം ഇല്ലാത്തതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടാകുന്നതും പിന്നീട് അതിന്റെ പേരില്‍ വിവാഹം മുടങ്ങുന്നതുമാണ് മാര്‍ച്ചില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഉള്ളടക്കം.