
മലപ്പുറം: മലപ്പുറത്തെ അങ്കണവാടിക്കുട്ടികൾക്ക് ‘ബിർണാണി’ ഒരു സംഭവമേയല്ല. രണ്ടു മാസത്തോളമായി അവർ അങ്കണവാടിയിൽ ബിരിയാണി കഴിക്കുന്നുണ്ട്.
അങ്കണവാടിയിലെ ഉപ്പുമാവ് കഴിച്ച് മടുത്തെന്നും ബിർണാണീം പൊരിച്ച കോഴീം വേണമെന്നും ആവശ്യപ്പെടുന്ന, ആലപ്പുഴ ദേവീകുളങ്ങരയിലെ അങ്കണവാടിക്കുട്ടി ശങ്കുവിന്റെ വീഡിയോ ഫെബ്രുവരി ആദ്യം വൈറലാണ്. വീഡിയോ കണ്ട് ആരോഗ്യമന്ത്രി വീണാജോർജ് അന്നുതന്നെ പ്രതികരിച്ചു. അങ്കണവാടികളിൽ ബിരിയാണി നൽകാൻ വേണ്ട നടപടികൾ എടുക്കുമെന്ന് ഔദ്യോഗികമായി മന്ത്രി അറിയിച്ചു.
എന്നാൽ, ഇങ്ങനെ ഒരാവശ്യം ഉയരുംമുൻപുതന്നെ മലപ്പുറം നഗരസഭയിലെ അങ്കണവാടികളിൽ കുട്ടികൾക്ക് ബിരിയാണിയും ഫ്രൈഡ് റൈസും നൽകുന്നുണ്ട്. ചൊവ്വാഴ്ചകളിൽ ഫ്രൈഡ് റൈസും വെള്ളിയാഴ്ചകളിൽ ബിരിയാണിയുമാണ് മലപ്പുറത്തെ 64 അങ്കണവാടികളിലും മെനു. അങ്കണവാടി അധ്യാപികമാർ തന്നെയാണ് നഗരസഭാംഗങ്ങളോട് ഈ ആവശ്യം ഉന്നയിച്ചത്. നഗരസഭയിൽനിന്ന് അനുമതി കിട്ടിയതോടെ ഉടൻ മെനു മാറ്റി. ആദ്യം സാധാരണ അരികൊണ്ടുതന്നെ ബിരിയാണി തയ്യാറാക്കുകയായിരുന്നു എന്ന് ആലത്തൂർപ്പടി തട്ടാരമ്മലിലെ അങ്കണവാടിയിലെ ഷൈലജ പറഞ്ഞു.
പിന്നീട് നഗരസഭാംഗങ്ങളോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ട് ബിരിയാണി അരിയാക്കി. പോഷകബാല്യം പദ്ധതിയിൽ മുട്ട കിട്ടിയിരുന്നപ്പോൾ മുട്ടബിരിയാണിയായി നൽകിയിരുന്നു. ഇപ്പോൾ സാധാരണയായി വെജിറ്റബിൾ ബിരിയാണിയാണ്. ബിരിയാണി തയ്യാറാക്കാൻ അധികമായി കുറച്ച് പച്ചക്കറി വാങ്ങേണ്ടിവരുന്നതിന് കുറച്ചു പണം കണ്ടെത്തുകയാണ് വേണ്ടിവരുന്നത്. അതിന് ബുദ്ധിമുട്ടുണ്ടാകാറില്ല - നഗരസഭയുടെ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ.അബ്ദുൾ ഹക്കിം പറഞ്ഞു. പ്രായോജകരെ കിട്ടുന്ന ഇടങ്ങളിൽ പലപ്പോഴും ചിക്കൻ ബിരിയാണി നൽകാൻ കഴിയാറുണ്ട്. മുനിസിപ്പാലിറ്റി പരിധിയിലെ അങ്കണവാടികളിലായി രണ്ടായിരത്തോളം കുട്ടികളാണുള്ളത്.
Content Highlights: nursery menu biriyani and fried rice malappuram
Published: 07 Feb 2025, 07:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented