മുംബൈ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പക്കല്‍ നിന്ന് എം.എഫ് ഹുസൈന്റെ ചിത്രം രണ്ട് കോടി രൂപ വില കൊടുത്ത് വാങ്ങാന്‍ മുന്‍കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്‌ര തന്നെ നിര്‍ബന്ധിച്ചുവെന്ന് യെസ് ബാങ്ക് സഹസ്ഥാപകന്‍ റാണ കപൂര്‍. കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലിനിടെയാണ് കപൂര്‍ ഇക്കാര്യം പറഞ്ഞത്.

To advertise here,

ചിത്രം വാങ്ങിയതിന്റെ തുക സോണിയ ഗാന്ധിയുടെ ന്യൂയോര്‍ക്കിലെ ചികിത്സയ്ക്കായാണ് ഉപയോഗിച്ചത്. ചിത്രം വാങ്ങാന്‍ വിസമ്മതിച്ചാല്‍ അത് പത്മഭൂഷണ്‍ ലഭിക്കുന്നതിന് തടസ്സമാവുകയും ഗാന്ധി കുടുംബവുമായുള്ള ബന്ധം മോശമാകാന്‍ ഇടയാക്കുകയും ചെയ്യുമെന്ന് ദേവ്‌ര പറഞ്ഞതായും റാണ കപൂര്‍ ഇ.ഡിയോട് വെളിപ്പെടുത്തി. കള്ളപ്പണക്കേസില്‍ റാണ കപൂര്‍, അദ്ദേഹത്തിന്റെ കുടുംബം, ഡി.എച്ച്.എഫ്.എല്‍ പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ക്കെതിരേ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

റാണ കപൂര്‍ ഇ.ഡിയോട് പറഞ്ഞ കാര്യങ്ങള്‍: 'ചികിത്സയ്ക്കായി പണം അത്യാവശ്യമുള്ള ഒരു സമയത്ത് ഗാന്ധി കുടുംബത്തെ പിന്തുണയ്ക്കുന്നതിലൂടെ പത്മഭൂഷന്‍ പുരസ്‌കാരത്തിന് താന്‍ പരിഗണിക്കപ്പെടുമെന്ന് സോണിയാ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേല്‍ തന്നോട് പറഞ്ഞു. മുരളി ദേവ്‌രയും ഇതുതന്നെയാണ് ആവര്‍ത്തിച്ചത്. പെയിന്റിങ് വാങ്ങാന്‍ വിസ്സമതിക്കുന്നത് തന്നെ പ്രതികൂലമായി ബാധിക്കുമെന്നും മുരളി ദേവ്‌ര പറഞ്ഞു. പെയിന്റിങ്ങ് വാങ്ങണമെന്നാവശ്യപ്പെട്ട് മുരളി ദേവ്‌ര പലതവണ റാണ കപൂറിന്റെ വീട്ടിലും ഓഫീസിലും സന്ദര്‍ശനം നടത്തി. ഇതിനുപുറമേ ഇതേ ആവശ്യം ഉന്നയിച്ച് നിരവധി നമ്പറുകളില്‍ നിന്ന് ഫോണ്‍കോളുകളും ചെയ്തു. രണ്ട് കോടിയുടെ ഇടപാട് നടത്താന്‍ താന്‍ തയ്യാറായിരുന്നില്ല. ഒഴിവാക്കാന്‍ പലതവണ ശ്രമിച്ചിരുന്നു. അതിനായി കോളുകളും മെസേജും കൂടിക്കാഴ്ചയും ഒഴിവാക്കി. എന്നാല്‍ തന്റെ എല്ലാ ശ്രമങ്ങളും വിഫലമായി, ഒടുവില്‍ അവരുടെ കടുത്ത നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നു. ബാക്കി കാര്യങ്ങളെല്ലാം വളരെ പെട്ടന്നാണ് നടന്നത്.'

'2010ല്‍ മുരളി ദേവ്‌ര തന്നെ അദ്ദേഹത്തിന്റെ വസതിയിലേക്ക് ഭക്ഷണത്തിന് ക്ഷണിച്ചു. പെയിന്റിങ്ങ് വാങ്ങുന്നതില്‍ കാലതാമസം ഉണ്ടാവുന്നതോ ഡീലില്‍ നിന്ന് പിന്മാറുന്നതോ തന്നെയും യെസ് ബാങ്കിനേയും പ്രതികൂലമായി ബാധിക്കും. പത്മഭൂഷന്‍ ലഭിക്കുന്നത് തടസ്സപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് തന്നു. അന്ന് തനിക്ക് പത്മഭൂഷണ് അര്‍ഹത ഉണ്ടായിരുന്നു. തന്റെ കുടുംബത്തിന് ഇത്തരം ആര്‍ട്ട് വര്‍ക്കുകള്‍ ശേഖരിക്കുന്നതിനോട് താല്‍പര്യം ഇല്ലാത്തതിനാല്‍ ഈ ഇടപാടില്‍ അവര്‍ എതിര്‍പ്പറിയിച്ചിരുന്നു. എന്നാല്‍ സമ്മര്‍ദത്തെ തുടര്‍ന്ന് കുടുംബത്തിന്റെ എതിര്‍പ്പുകളും മറികടന്ന് തനിക്ക് ചിത്രം വാങ്ങേണ്ടി വന്നു. ഇതിനായി രണ്ട് കോടി രൂപയുടെ ചെക്ക് കൈമാറി. പ്രിയങ്കാ ഗാന്ധിയുടെ വീട്ടില്‍ വെച്ചാണ് ഇടപാടിന്റെ നടപടികള്‍ പൂര്‍ത്തിയായത്. ഈ തുക സോണിയ ഗാന്ധിയുടെ ന്യൂയോര്‍ക്കിലെ ചികിത്സയ്ക്കായി ഉപയോഗിച്ചുവെന്ന് മിലിന്ദ് ദേവ്‌ര (മുരളി ദേവ്‌രയുടെ മകന്‍) തന്നോട് രഹസ്യമായി പറഞ്ഞുതായും റാണ കപൂര്‍ ഇ.ഡിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. 

കള്ളപ്പണനിരോധന നിയമപ്രകാരം 2020ലാണ് റാണ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. റാണ കപൂറിന്റേയും ഭാര്യയുടേയും ബാങ്ക് അക്കൗണ്ടുകളിലേക്ക് വന്‍തോതില്‍ പണമെത്തിയിരുന്നു. ഡി.എച്ച്.എഫ്.എല്ലിന് ക്രമംവിട്ട് വായ്പ നല്‍കിയതിന് പിന്നാലെയാണ് ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് കോടികള്‍ എത്തിയത്. തുടര്‍ന്ന്  അന്വേഷണം നടത്തിയ റാണ കപൂറിനെ ഇ.ഡി അറസ്റ്റ് ചെയ്തു.