ന്യൂ ഡൽഹി : വാളയാർ പീഡന കേസിലെ ഇരകളായ പെൺകുട്ടികളെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ സോജന് എതിരായ കേസ് റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. വാളയാർ പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. സംസ്ഥാന സർക്കാരിനും മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം ജെ സോജൻ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്കുമാണ് നോട്ടീസ്. ജസ്റ്റിസ്മാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. 

To advertise here,

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം ജെ സോജൻ നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഇരകളുടെ അമ്മയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്ത് കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത്തരം വെറുപ്പുളവാക്കുന്ന പരാമർശങ്ങൾ അധികാര സ്ഥാനത്തിൽ ഇരിക്കുന്നവർ നടത്തുന്നത് ഞെട്ടിക്കുന്നതാണെന്നും സീനിയർ അഭിഭാഷകൻ അഭിപ്രായപ്പെട്ടു. എന്നാൽ മാധ്യമ പ്രവർത്തകനോട് സോജൻ സംസാരിച്ചത് ഏത് സാഹചര്യത്തിൽ ആണെന്നത് പ്രസക്തമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മാധ്യമ പ്രവർത്തകനോടാണ് സംസാരിക്കുന്നത് എന്ന ബോധ്യത്തോടെയാണ് ഇത്തരം അപകീർത്തികരമായ പരാമർശം അന്വേഷണ ഉദ്യോഗസ്ഥൻ നടത്തിയതെങ്കിൽ അദ്ദേഹത്തെ സർവ്വീസിൽ നിന്ന് പോലും പിരിച്ച് വിടാവുന്ന കുറ്റകൃത്യമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

അന്വേഷണ ഉദ്യോഗസ്ഥന്റെ അപകീർത്തികരമായ പരാമർശം സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ പങ്കുവച്ച മാധ്യമ പ്രവർത്തകനും മാധ്യമ സ്ഥാപനത്തിനും എതിരെ എന്തുകൊണ്ടാണ് ഇതുവരെ പ്രോസിക്യുഷൻ നടപടി ആരംഭിക്കാത്തതെന്ന് സുപ്രീം കോടതി ആരാഞ്ഞു. അപകീര്‍ത്തികരമായ പരാമര്‍ശം സംപ്രേക്ഷണം ചെയ്തത് കുറ്റകരം ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇക്കാര്യം തന്റെ കക്ഷിയുടെ ശ്രദ്ധയിൽ പെടുത്താമെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്ത് സുപ്രീം കോടതിയെ അറിയിച്ചു. അഭിഭാഷകൻ എം എഫ് ഫിലിപ്പ്, പൂർണ്ണിമ കൃഷ്ണ എന്നിവർ ഹാജരായി.

ലൈംഗിക ചൂഷണത്തിന് ഇരയായതിന് കുട്ടികളും കാരണക്കാരാണെന്ന മട്ടിൽ എം ജെ സോജൻ നടത്തിയ പ്രതികരണം ഒരു മാധ്യമം സംപ്രേഷണം ചെയ്യുകയായിരുന്നു.  ‌പീഡനം പെണ്‍കുട്ടികള്‍ ആസ്വദിച്ചിരുന്നുവെന്ന്‌  ഉദ്യോഗസ്ഥൻ  മാധ്യമങ്ങളില്‍ സംസാരിച്ചെന്നായിരുന്നു അമ്മയുടെ പരാതി.