
വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതുമുതല്‍ ഉയര്‍ന്നിരുന്ന ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. 'കരിയറിന്റെ പീക്കില്‍' ഇങ്ങനെയൊരു കടുംകൈ വേണമായിരുന്നോ എന്ന് നെറ്റിചുളിച്ചവര്‍ക്കെല്ലാം വിജയ് മറുപടി പറഞ്ഞിരിക്കുന്നു. തന്റെ പാതയില്‍, തനിക്ക് മുമ്പേയിറങ്ങിവരുടെയെല്ലാം പരാജയങ്ങളില്‍നിന്ന് പാഠം പഠിച്ച വിജയ്, ആദ്യ ചുവട് ശക്തമായി തന്നെ ഉറപ്പിക്കുന്നു. തമിഴക വെട്രി കഴകത്തിന്റെ രാഷ്ട്രീയമെന്തന്ന ആകാംക്ഷകള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞുവെന്നതാണ് വിജയ്‌യുടെ ആദ്യ പൊതുസമ്മേളനത്തിന്റെ വിജയം. വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലെ വി. ശാലയില്‍ നടന്ന സമ്മേളനത്തില്‍ സബ്‌ടൈറ്റിലുകള്‍ ഇല്ലാതെ തന്നെ വിജയ് തന്റെ രാഷ്ട്രീയം വ്യക്തമാക്കി.
രാഷ്ട്രീയത്തിലെ തുടക്കക്കാരന്റെ യാതൊരു പരിഭ്രമങ്ങളുമില്ലാത്തതായിരുന്നു വിജയ്‌യുടെ പ്രസംഗം. പറയുന്ന കാര്യങ്ങള്‍ ഓരോന്നിനും ആവശ്യമായ വിശദീകരണം നല്‍കി, പിന്നീട് ഉയര്‍ന്നേക്കാവുന്ന ചോദ്യങ്ങളെ മുന്‍കൂറായി തന്നെ വിജയ് നേരിട്ടു. പാര്‍ട്ടിയുടെ വഴികാട്ടികളെ സംബന്ധിച്ച പ്രഖ്യാപനമാണ് ഇതിന്റെ ഉദാഹരണം. പെരിയാര്‍ രാമസ്വാമി, തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കാമരാജ്, ഡോ. ബി.ആര്‍. അംബേദ്കര്‍, വേലു നാച്ചിയാര്‍, അഞ്ജല അമ്മാള്‍ എന്നിവരാണ് പാര്‍ട്ടിയുടെ തലവന്മാരെന്നായിരുന്നു വിജയ്‌യുടെ പ്രഖ്യാപനം. പെരിയാറിനെ മുന്നില്‍ നിര്‍ത്തുമ്പോള്‍ വിശ്വാസത്തെ സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് എന്തായിരിക്കുമെന്നത് സ്വാഭാവികമായി ഉയരുന്ന ഉപചോദ്യമാണ്. അതിന് കാലേക്കൂട്ടിതന്നെ വിജയ് മറുപടി പറഞ്ഞു. പെരിയാറിന്റെ നിരീശ്വരവാദത്തെ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയ വിജയ് ആരുടേയും വിശ്വാസത്തിന് എതിരല്ലെന്നും കൂട്ടിച്ചേര്‍ത്തു.
തമിഴ് വൈകാരികതയും പിന്നാക്ക അനുകൂല നിലപാടും നേരത്തെ തന്നെ ഉയര്‍ത്തിയ വിജയ്, വിശ്വാസത്തോട് ഏത് നിലപാട് സ്വീകരിക്കുമെന്ന് ആകാംക്ഷയുണ്ടായിരുന്നു. എന്നാല്‍, പൊതുസമ്മേളന പന്തലിന് കാല്‍നാട്ട് ചടങ്ങും ഭൂമിപൂജയും നടത്തി വിജയ് നേരത്തേ തന്നെ മറുപടി നല്‍കി. ഡി.എം.കെ.യെപ്പോലെ നിരീശ്വരവാദ രാഷ്ട്രീയമായിരിക്കും വിജയ് പിന്തുടരുകയെന്ന് കരുതിയിരുന്നെങ്കിലും വിശ്വാസത്തെ കൈവിടില്ലെന്ന സൂചനയാണ് ഭൂമിപൂജയിലൂടെ നല്‍കിയത്.
സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്നവരോട് എന്തായിരിക്കും നിലപാട് എന്ന കാര്യത്തിലും വിജയ് സമ്മേളനത്തില്‍ വ്യക്തതവരുത്തി. സമൂഹത്തെ വിഭജിക്കുന്നവരാണ് ആദ്യത്തെ ശത്രുക്കള്‍ എന്ന് പറഞ്ഞ വിജയ്, മതവിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരാണെന്നും കൂട്ടിച്ചേര്‍ത്തു. ദ്രാവിഡ ആശയത്തിന്റെ പേരില്‍ കുടുംബത്തോടെ തമിഴ്‌നാടിനെ കൊള്ളയടിക്കുന്നവരാണ് രണ്ടാമത്തെ ശത്രുക്കള്‍ എന്നും വിജയ് വ്യക്തമാക്കി. അവർ ദ്രാവിഡ മോഡലിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ആരോപിച്ചു.
മധുരയില്‍ സെക്രട്ടേറിയറ്റിന്റെ ശാഖ, ജാതി സെന്‍സസ്, നീറ്റ് നിര്‍ത്തലാക്കുക, വിദ്യാഭ്യാസം സംസ്ഥാനപട്ടികയില്‍ ഉള്‍പ്പെടുത്തുക, ഗവര്‍ണര്‍ പദവി എടുത്തുകളയുക, സംസ്ഥാനത്തിന് സ്വയംഭരണം തുടങ്ങി തമിഴ് ജനതയുടെ വൈകാരികത മുതലാക്കാനുള്ള എല്ലാ മരുന്നുകളും വിജയ് പ്രയോഗിച്ചു. ദ്രാവിഡ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ വിജയിച്ച ചേരുവകളെല്ലാം സമം ചേര്‍ത്തുള്ള പ്രഖ്യാപനമാണ് വിജയ് നടത്തിയത്. 2026-ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വിജയ്, രാഷ്ട്രീയ സഖ്യസാധ്യതകളും തുറന്നിട്ടിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, സഖ്യമുണ്ടാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഭരണത്തില്‍ പങ്കാളിത്തം നല്‍കുമെന്ന് പറഞ്ഞു.
വിജയ് ഉയര്‍ത്തുന്ന രാഷ്ട്രീയം ആര്‍ക്കൊക്കെ വെല്ലുവിളിയാകുമെന്ന ചോദ്യമാണ് ഇനി അവശേഷിക്കുന്നത്. ഈ ആശങ്കയുടെ പ്രതിഫലനം പാര്‍ട്ടികളുടെ പ്രവൃത്തിയിലും വാക്കുകളിലുമുണ്ടായി. വിജയ്ക്ക് തടയിടാന്‍ ഡി.എം.കെ. നേരത്തെതന്നെ പണിതുടങ്ങി. പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നാണ് പൊതുസമ്മേളനത്തോട് എ.ഐ.എ.ഡി.എം.കെയുടെ ആദ്യപ്രതികരണം.
നയപ്രഖ്യാപനത്തിന് പുറമേ വിജയ് നടത്തിയ ശക്തിപ്രകടനവും പാര്‍ട്ടികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. എ.ഐ.ഡി.എം.കെയുടെ സ്വാധീനമേഖലകള്‍ 'വെടക്കാക്കി തനിക്കാക്കിയ'ശേഷം സംസ്ഥാനത്ത് കടന്നുകയറാന്‍ ബി.ജെ.പി. നടത്തുന്ന ശ്രമങ്ങള്‍ക്കും വിജയ്‌യുടെ വരവ് വെല്ലുവിളിയാകും. സമീപകാല മുന്‍ഗാമിയായ കമല്‍ഹാസനടക്കം സ്വന്തം രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ പാടുപെടുമ്പോഴാണ് വിജയ് ആശങ്കകള്‍ക്കും അര്‍ഥശങ്കകള്‍ക്കും ഇടയില്ലാതെ തന്‍റെ പാർട്ടിയുടെ പ്രത്യയശാസ്ത്രം വ്യക്തമാക്കുന്നത്.
Content Highlights: Who will harmed by Vijay's VTK political stands?
Published: 27 Oct 2024, 09:52 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented