വരുന്ന തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ അങ്കം കുറിക്കാനൊരുങ്ങുകയാണ് നടനും സംവിധായകനുമായ സുന്ദർ സി. എ.ഐ.എ.ഡി.എം.കെ.യുടെ ഭാഗമായ പുതിയ നീതി കക്ഷി പാർട്ടിയുടെ സ്ഥാനാർഥിയായി മധുര മണ്ഡലത്തിൽനിന്നാണ് സുന്ദർ സി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇപ്പോഴിതാ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് സുന്ദർ.

To advertise here,

തന്നോട് ഏറെ സ്നേഹവും ബഹുമാനവുമുള്ള നടനാണ് വിജയ് എന്നും തനിക്ക് തിരിച്ചും അതുപോലെയാണെന്നും സുന്ദർ പറഞ്ഞു. തന്റെ ഭാര്യയും നടിയുമായ ഖുഷ്ബു വിജയ്‌യെ ഒരു സഹോദരനേപ്പോലെയാണ് കാണുന്നത്. വിജയ് ഖുഷ്ബുവിനെ അക്കാ എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് വിജയ്‌യെയോ, അദ്ദേഹത്തിന്റെ പാർട്ടിയേയോ, സ്ഥാനാർഥികളേയോ വിമർശിക്കാൻ ഞാൻ തയ്യാറല്ല- സുന്ദർ പറഞ്ഞു.

മധുരൈ സെൻട്രൽ മണ്ഡലത്തിൽ എഐഡിഎംകെയും ഡിഎംകെയും തമ്മിലായിരിക്കും മത്സരമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മുപ്പതുവർഷമായി താൻ സിനിമാ മേഖലയിൽ പ്രവർത്തിക്കുകയും വിജയിച്ച സിനിമകൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ അടുത്ത ചുവട് ഈ തിരഞ്ഞെടുപ്പിനെ ആധാരമായായിരിക്കും എന്നും സുന്ദർ പറഞ്ഞു.

പിഎൻകെ- എൻഡിഎ സഖ്യത്തിന്റെ സ്ഥാനാർഥിയായാണ് സുന്ദർ മധുരൈ സെൻട്രലിൽ നിന്നു മത്സരിക്കുന്നത്. ഖുഷ്ബു നിലവിൽ ബിജെപി തമിഴ്നാട് ഘടകത്തിന്റെ വൈസ് പ്രസിഡന്റാണ്.

പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്നാണ് വിജയ് ജനവിധി തേടുന്നത്. താൻ ഒരിക്കലും നുണപറയില്ലെന്നും ജനങ്ങളെ വഞ്ചിക്കില്ലെന്നും നാമനിർദേശപത്രിക സമർപ്പിച്ചശേഷം വിജയ് പറഞ്ഞിരുന്നു. തന്റെ പാർട്ടിയുടെ ചിഹ്നമായ 'വിസിൽ' വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒരു വിപ്ലവം സൃഷ്ടിക്കുമെന്നും വോട്ടർമാർ തനിക്ക് ഒരു അവസരം നൽകണമെന്നും വിജയ് അഭ്യർത്ഥിച്ചിരുന്നു. പെരമ്പൂർ മണ്ഡലത്തിൽ ഡിഎംകെയുടെ സിറ്റിംഗ് എംഎൽഎ ആയ ആർ.ഡി. ശേഖറിനെയാണ് വിജയ് നേരിടുന്നത്. ട്രിച്ചി ഈസ്റ്റിൽ ഡിഎംകെ സ്ഥാനാർത്ഥി ഇന്നിഗോ ഇരുദയരാജാണ് അദ്ദേഹത്തിന്റെ എതിരാളി.