ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിലൊരാളായി ജീവിതകാലം മുഴുവൻ താനുണ്ടാവുമെന്ന് തമിഴക വെട്രി കഴകം(ടിവികെ) നേതാവ് വിജയ്. തിങ്കളാഴ്ച മഹാബലിപുരത്തെ ഒരു റിസോർട്ടിൽവെച്ച് കരൂരിലെ കുടുംബങ്ങളെക്കണ്ട വിജയ് തൊണ്ടയിടറിയാണ്‌ അവരോട് സംസാരിച്ചത്. വികാരാധീനനായ വിജയ് തങ്ങളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ചതായി സ്ത്രീകൾ മാധ്യമങ്ങളോട് പറഞ്ഞു.

To advertise here,

കരൂർ ദുരന്തം നടന്ന് ഒരു മാസമായിട്ടും അവിടം സന്ദർശിക്കാനോ മരിച്ചവരുടെ കുടുംബങ്ങളെ കാണാനോ കഴിയാഞ്ഞതുകൊണ്ടാണ് വിജയ് മഹാബലിപുരത്തെ റിസോർട്ടിൽവെച്ച് കൂടിക്കാഴ്ച ആസൂത്രണംചെയ്തത്. മരിച്ച 41 പേരിൽ 37 പേരുടെ കുടുംബാംഗങ്ങൾ മഹാബലിപുരത്ത് എത്തിയിരുന്നു. പരിക്കേറ്റ ഏതാനും പേരും വന്നു. മരണാനന്തരച്ചടങ്ങുകൾ പൂർത്തിയാവാത്തതുകൊണ്ടാണ് ചില കുടുംബങ്ങൾ വരാതിരുന്നത്. ചിലർ പ്രതിഷേധസൂചകമായി വിട്ടുനിന്നതായും സൂചനയുണ്ട്.

കരൂരിൽനിന്നുള്ള കുടുംബങ്ങളെ മഹാബലിപുരത്തേക്ക് വിളിച്ചുവരുത്തേണ്ടിവന്നതിൽ വിജയ് അവരോട് ക്ഷമ ചോദിച്ചു. വൈകാതെ കരൂരിലെത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി. തിക്കിലും തിരക്കിലും മരിച്ച കുട്ടികളുടെ ഫോട്ടോകൾ കണ്ടപ്പോൾ വിജയ്‌യുടെ തൊണ്ടയിടറി. അഞ്ച് ലക്ഷ്വറി ബസ്സുകളിലായാണ് കുടുംബങ്ങളെ ടിവികെ പ്രവർത്തകർ മഹാബലിപുരത്തെത്തിച്ചത്. ഇവർക്കായി റിസോർട്ടിൽ 50 മുറികളെടുത്തിരുന്നു. മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചിരുന്നില്ല.

ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളുമായി വീഡിയോകോളിലൂടെ സംസാരിക്കുകയല്ലാതെ നേരിട്ട് ആരെയും കാണാൻ വിജയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് വലിയ വിമർശനത്തിന് കാരണമാവുകയും ചെയ്തിരുന്നു. കരൂർ സന്ദർശിക്കുന്നതിനു പകരം വിനോദസഞ്ചാരകേന്ദ്രത്തിലെ റിസോർട്ടിൽ ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതിൽ ടിവികെ പ്രവർത്തർക്കുതന്നെ പ്രതിഷേധമുണ്ടെന്ന് റിപ്പോർട്ടുണ്ട്.

ദുരന്തത്തിന്റെ അന്വേഷണം ഞായറാഴ്ച സിബിഐ ഔപചാരികമായി ഏറ്റെടുത്തതിനു പിന്നാലെയാണ് വിജയ്‌യുടെ കൂടിക്കാഴ്ച. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ടിവികെ 20 ലക്ഷം രൂപവീതം നൽകിയിരുന്നു. കേന്ദ്രസർക്കാരിന്റെ രണ്ടു ലക്ഷം രൂപയും കഴിഞ്ഞദിവസം കൈമാറി.

ടിവികെ നേതാക്കൾക്ക് സിബിഐയുടെ സമൻസ്

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം ഭാരവാഹികളായ ബുസി ആനന്ദിനും നിർമൽകുമാറിനും സിബിഐയുടെ സമൻസ്. ചൊവ്വാഴ്ച ചോദ്യംചെയ്യാൻ ഹാജരാകണമെന്നാണ് ആവശ്യം.

സുപ്രീം കോടതി നിർദേശപ്രകാരം കഴിഞ്ഞദിവസമാണ് കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം തുടങ്ങിയത്. സിബിഐയുടെ എഫ്ഐആറിൽ ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദും ജോയിന്റ് സെക്രട്ടറി നിർമൽകുമാറും പ്രതികളാണ്.