ചെന്നൈ: അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നാടകങ്ങൾക്കാണ് തമിഴ്നാട് ദിവസങ്ങളായി സാക്ഷ്യം വഹിക്കുന്നത്. നാടകങ്ങൾക്ക് തിരശ്ശീല വീഴവേ, ഒരു പഴയ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ ശ്രദ്ധയാകർഷിക്കുകയാണ്. മുൻമുഖ്യമന്ത്രി എം.കരുണാനിധിയുടെ ഗാംഭീര്യമുള്ള രൂപത്തിനു പിന്നിൽ ശാന്തമായി നിൽക്കുന്ന ഒരു ചെറിയപയ്യന്റെ ചിത്രമാണിത്. ഒരു ഉദ്ഘാടന ചടങ്ങിന്റെ ചിത്രമാണത്.
ആ ബാലൻ വിജയ് ആണ്. കരുണാനിധി പടുത്തുയർത്തിയ ഡിഎംകെയെ തകർത്തെറിഞ്ഞ് തമിഴ്നാട്ടിൽ അധികാരം പിടിച്ചിരിക്കുകയാണ് വിജയ് നയിക്കുന്ന ടിവികെ. സംവിധായകൻ രാം ഗോപാൽ വർമ്മയാണ് എക്സിൽ ഈ ചിത്രം പങ്കുവെച്ചത്. "തനിക്ക് പിന്നിൽ നിൽക്കുന്ന കുട്ടി ഒരുനാൾ തന്റെ പാർട്ടിയെ തകർക്കുമെന്ന് കലൈഞ്ജർ സ്വപ്നത്തിൽ പോലും വിചാരിച്ചിരിക്കില്ല," എന്ന അടിക്കുറിപ്പോടെയാണ് രാം ഗോപാൽ വർമ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റ് മണിക്കൂറുകൾക്കുള്ളിൽ തന്നെ വൈറലായി.
കരുണാനിധി ഡി.എം.കെയ്ക്ക് വേണ്ടി അഞ്ച് പതിറ്റാണ്ടുകൾ സേവനമനുഷ്ഠിച്ചു. 1969 മുതൽ 2018 ഓഗസ്റ്റിൽ മരണം വരെ അദ്ദേഹം പാർട്ടിയെ നയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഡി.എം.കെ. ഇന്ത്യയിലെ ഏറ്റവും ശക്തമായ പ്രാദേശിക പാർട്ടികളിലൊന്നായി വളർന്നു, തമിഴ്‌നാടിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ വ്യക്തിത്വത്തെ തലമുറകളായി രൂപപ്പെടുത്തി. അദ്ദേഹത്തിന്റെ മകൻ എം.കെ. സ്റ്റാലിൻ ഈ പദവി ഏറ്റെടുത്ത് 2021-ൽ ചരിത്രപരമായ 159 സീറ്റുകൾ നേടി അധികാരത്തിലെത്തി.
കാലങ്ങളായി തമിഴ് സിനിമയും രാഷ്ട്രീയവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന സാഹചര്യവുമുണ്ട്. ആ ചടങ്ങിൽ പങ്കെടുത്ത ആർക്കും, പശ്ചാത്തലത്തിൽ കണ്ട ഈ കുട്ടി ഒരുനാൾ തമിഴ് സിനിമയിലോ രാഷ്ട്രീയത്തിലോ ഇത്രയും സ്വാധീനം ചെലുത്തിയേക്കാമെന്ന് ചിന്തിച്ചിരിക്കാൻ യാതൊരു സാധ്യതയുമില്ല.
അഞ്ച് വർഷത്തിന് ശേഷം, സ്റ്റാലിൻ നയിച്ച അതേ ഡി.എം.കെ. 59 സീറ്റുകളിലേക്ക് കൂപ്പുകുത്തി. സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ ടി.വി.കെ. സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. വിജയിയുടെ പാർട്ടി അവരുടെ ആദ്യ തിരഞ്ഞെടുപ്പ് മത്സരത്തിൽ തന്നെ 108 സീറ്റുകൾ നേടി. സ്വാതന്ത്ര്യാനന്തര തമിഴ്‌നാടിന്റെ ചരിത്രത്തിലെ ഒരു പാർട്ടിയുടെയും ഏറ്റവും ശക്തമായ അരങ്ങേറ്റമായിരുന്നു ഇത്.
Content Highlights: A rare photo of a young Vijay with M. Karunanidhi has gone viral amid the 2026 political shift., Vijay's TVK party secured a historic 108 seats in its electoral debut., The 2026 elections saw a significant decline for the DMK, with MK Stalin losing his Kolathur seat., The narrative highlights the intersection of Tamil cinema and political legacy.
Published: 06 May 2026, 02:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented