ന്യൂഡല്‍ഹി: ഇന്നറിയാം ആരാകും പുതിയ ഉപരാഷ്ട്രപതിയെന്ന്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ഒന്നാം നിലയിലുള്ള വസുധ ഹാളില്‍ (എഫ്- 101) നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലായിരിക്കും. പാര്‍ട്ടി വിപ്പ് ബാധകമല്ലാത്തതിനാല്‍ കൂറുമാറ്റ നിരോധനനിയമം പരിധിയില്‍ വരില്ല.

To advertise here,

സി.പി. രാധാകൃഷ്ണനാണ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. സുപ്രീം കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയാണ് ഇന്ത്യാമുന്നണിക്കുവേണ്ടി കളത്തിലിറങ്ങുന്നത്. ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിതരാജിയാണ് പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. 

അംഗങ്ങള്‍ക്ക് ഇഷ്ടമുള്ള ആള്‍ക്ക് വോട്ട് ചെയ്യാമെന്നതുകൊണ്ടുതന്നെ പരമാവധി എതിര്‍പക്ഷത്തിന്റെ വോട്ടുകള്‍ അടര്‍ത്തിമാറ്റാനും സ്വന്തം വോട്ടുകള്‍ ചോര്‍ന്നുപോകാതെ ഉറപ്പിച്ചുനിര്‍ത്താനുമുള്ള പ്രയത്‌നത്തിലാണ് ഭരണ, പ്രതിപക്ഷ കക്ഷികള്‍. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ നില്‍ക്കെ, ഇരുവിഭാഗത്തിനും സ്വന്തം കരുത്ത് ചോരാതിരിക്കേണ്ടത് അനിവാര്യം.

അംഗബലം ഇങ്ങനെ

ഇലക്ടറല്‍ കോളേജ്- 781

ലോക്സഭ- 542 (മൊത്തം 543ല്‍ ഒരൊഴിവ്).

രാജ്യസഭ- 239 (മൊത്തം 245ല്‍ ആറൊഴിവ്).

എന്‍ഡിഎ 427 ( ലോക്സഭ- 293, രാജ്യസഭ- 134)

പുറമേ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ 11 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കി (വൈഎസ്ആര്‍ അംഗങ്ങള്‍ ലോക്സഭയില്‍ 4, രാജ്യസഭയില്‍ 7). മൊത്തം 438. (ആവശ്യം 391 പേരുടെ പിന്തുണ. )

പ്രതിപക്ഷം (ഇന്ത്യസഖ്യം (തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ) + (ആംആദ്മി പാര്‍ട്ടി) - 324

ലോക്സഭ- 235, രാജ്യസഭ- 89;.

വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍:

ബിജു ജനതാദള്‍- 7 (രാജ്യസഭാംഗങ്ങള്‍).

ഭാരത് രാഷ്ട്രസമിതി- 4 (രാജ്യസഭാംഗങ്ങള്‍).

നിലപാട് വ്യക്തമാക്കാനുള്ളവര്‍- സ്വതന്ത്രര്‍ അടക്കം ആറ് അംഗങ്ങള്‍

പ്രിഫറന്‍സ് വോട്ടിങ്:

പ്രിഫറന്‍സ് രീതിയില്‍ വോട്ടെടുപ്പ്. ബാലറ്റ് പേപ്പര്‍ സാധുവാകാന്‍ ഒന്നാം പ്രിഫറന്‍സ് വോട്ട് നിര്‍ബന്ധം. മറ്റുള്ളവ ഓപ്ഷണല്‍. അക്കങ്ങളില്‍ പ്രിഫറന്‍സ് രേഖപ്പെടുത്തണം.

ഇവിഎം പറ്റില്ല:

പൊതു തിരഞ്ഞെടുപ്പിലെ പോലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പറ്റില്ല. പ്രിഫറന്‍സ് രീതിയായതാണ് കാരണം.

തിരഞ്ഞെടുപ്പ് എപ്പോള്‍?

ഭരണഘടനയുടെ 63(2) അനുച്ഛേദപ്രകാരം നിലവിലെ ഉപരാഷ്ട്രപതിയുടെ കാലാവധി തീരാന്‍ 60 ദിവസം ബാക്കിയുള്ളപ്പോള്‍ അല്ലെങ്കില്‍ ഉപരാഷ്ട്രപതിയുടെ നിര്യാണം, രാജി, നീക്കംചെയ്യല്‍ എന്നിവ കാരണം തിരഞ്ഞെടുപ്പ് നടത്തണം.

അട്ടിമറികളുണ്ടായില്ലെങ്കില്‍

തിരഞ്ഞെടുപ്പില്‍ അട്ടിമറികളൊന്നുമുണ്ടായില്ലെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി.പി. രാധാകൃഷ്ണന് വിജയമുറപ്പ്.അങ്ങനെയെങ്കിൽ 2002ല്‍ ഭൈറോണ്‍സിങ് ഷെഖാവത്തിന് ശേഷം കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിക്കുന്ന ഉപരാഷ്ട്രപതിയാകും രാധാകൃഷ്ണന്‍. അന്ന് ഷെഖാവത്തിന്റെ ഭൂരിപക്ഷം 149.