ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഇതു സംബന്ധിച്ച ഭേദഗതി ബില്ല് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. വന്ദേമാതരം പാടുന്നത് ആരെങ്കിലും തടസ്സപ്പെടുത്തിയാൽ മൂന്ന് കൊല്ലം വരെ തടവ് ശിക്ഷ നൽകാനാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. നിലവിൽ ദേശീയഗാനമായ ജനഗണമന ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതിനോ അവഹേളിക്കുന്നതിനോ എതിരെയുള്ള നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. വന്ദേമാതരത്തെയും കൂടി ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരികയാണ് സർക്കാർ ചെയ്യുന്നത്.

To advertise here,

എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം കൂടി ആലപിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് തടസ്സം നിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നീക്കം. ബില്ല് അവതരിപ്പിക്കുന്ന പശ്ചാത്തലത്തിൽ, സഭ അവസാനിക്കുന്നത് വരെ നിർബന്ധമായും സഭയിൽ തുടരാൻ ബിജെപി തങ്ങളുടെ എംപിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയ ചിഹ്നങ്ങളെയും ഗീതങ്ങളെയും അപമാനിക്കുന്നതിനെതിരെ നിലവിലുള്ള നിയമങ്ങളെ കൂടുതൽ കർക്കശമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ ഈ പുതിയ നടപടി.