ഡെറാഡൂണ്‍: ഉത്തരകാശിയിലെ ദ്രൗപതി ദണ്ഡ കൊടുമുടിയില്‍ ഹിമപാതത്തില്‍ അകപ്പെട്ടവരില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 

To advertise here,

16 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. വ്യാഴാഴ്ച രാവിലെ അഞ്ച് മൃതദേഹങ്ങളും ദുരന്തമുണ്ടായ ദിവസം നാല് പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തിരുന്നു. 16 പേരില്‍ രണ്ട് പേര്‍ പരിശീലകരാണ്. ഇനിയും ഒരു ഡസനിലേറെ ആളുകളെ കണ്ടെത്താനുണ്ടെന്നാണ് മൗണ്ടനീയറിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിക്കുന്ന വിവരം. സംഘത്തില്‍ 42 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 34 പേര്‍ ട്രെയിനികളാണ്. അപകടത്തില്‍ പരിക്കേറ്റവരെ രക്ഷപ്പെടുത്തി ബേസ് ക്യാമ്പിലേക്ക് കൊണ്ടുവന്ന് ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വ്യക്തമാക്കി. 

ദുരന്തമേഖലയില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ഐ.ടി.ബി.പി , വ്യോമസേന, കരസേന, ദേശീയ-സംസ്ഥാന ദുരന്തനിവാരണസേന എന്നിവരാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചിലിന് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. നെഹ്റു മൗണ്ടനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പര്‍വതാരോഹക സംഘമാണ് അപകടത്തില്‍പ്പെട്ടത്. എട്ട് പേർ ഹിമാപാത ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.