
ന്യൂഡൽഹി: ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്ക് തുടക്കമിട്ട് ബി.ജെ.പി. വെള്ളിയാഴ്ച സംസ്ഥാന പാർട്ടി നേതൃയോഗത്തിൽ പങ്കെടുത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണതന്ത്രത്തെക്കുറിച്ച് ആദ്യ സൂചനനൽകി. വീണ്ടും അധികാരത്തിൽവരുമെന്നും ഉത്തർപ്രദേശിൽ ഏകസിവിൽകോഡ് നടപ്പാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. സാമുദായിക ധ്രുവീകരണം പാർട്ടി ലക്ഷ്യംവെക്കുന്നു എന്ന സൂചന നൽകുന്നതാണിത്.
കാര്യങ്ങൾ ഭദ്രമല്ല, കൗൺസിൽ ഫലങ്ങളിൽ അമ്പരപ്പ്
ഉത്തർപ്രദേശ് നിയമസഭാ കൗൺസിലിലെ 11 സീറ്റുകളിലേക്കുനടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി.-ആറ്, സമാജ് വാദി പാർട്ടി (എസ്.പി.) അഞ്ച് എന്നാണ് സ്‌കോർ കാർഡ്. കണക്കിൽ ഒരു സീറ്റ് മുന്നിലാണെങ്കിലും ബി.ജെ.പി.ക്ക് ഒട്ടും സന്തോഷം പകരുന്നതല്ല മൊത്തത്തിൽ ഫലങ്ങൾ. അപായസൂചനയാണെന്നാണ് സംസ്ഥാന ഘടകത്തിനുള്ളിൽത്തന്നെ അഭിപ്രായം.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ ബിരുദധാരികളുടെ മണ്ഡലവും അധ്യാപകമണ്ഡലവും എസ്.പി. നിലനിർത്തി. ലഖ്‌നൗവിലെ ബിരുദധാരികളുടെ മണ്ഡലവും ആഗ്രയിലെ അധ്യാപകമണ്ഡലവും പിടിച്ചെടുക്കുകയും ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പുരിൽ ബി.ജെ.പി. കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു.
ധ്രുവീകരണരാഷ്ട്രീയം പയറ്റാൻ ബി.ജെ.പി.
കാര്യങ്ങൾ ഭദ്രമല്ല എന്ന തിരിച്ചറിവിൽ തന്ത്രങ്ങൾ മാറ്റിപ്പിടിക്കുകയാണ് ബി.ജെ.പി. യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ ക്രമസമാധാനനില ഭദ്രമാണ് എന്ന പ്രചാരണമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പ്രധാനമായും ഉയർത്തിയത്. എന്നാൽ, ധ്രുവീകരണരാഷ്ട്രീയം നേരിട്ട് പയറ്റാനാണ് ഇത്തവണ ബി.ജെ.പി. തയ്യാറെടുക്കുന്നതെന്ന് നിരീക്ഷകർ കരുതുന്നു. പൊതുവ്യക്തിനിയമത്തെക്കുറിച്ചുള്ള ഷായുടെ പരാമർശം ഇതിലേക്ക് വിരൽചൂണ്ടുന്നു.
ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുവരെ നീളാവുന്ന ദൂരവ്യാപക പ്രാധാന്യം ഉള്ളതാണെന്ന് ബി.ജെ.പി.ക്കറിയാം. അതിനാൽ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രനേതൃത്വവും മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിൽ പ്രകടമായ ഭിന്നതയൊക്കെ മറന്ന് നിലനിൽപ്പിനായി ഇരുകൂട്ടരും ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയാണ്.
തുടർച്ചായി രണ്ടുവട്ടം ഭരണത്തിലിരുന്നതിന്റെ വിരുദ്ധവികാരവും ബി.ജെ.പി.ക്ക് മറികടക്കേണ്ടതുണ്ട്. അതിനാൽത്തന്നെ സിറ്റിങ് എം.എൽ.എ.മാരിൽ നല്ലൊരു പങ്കിന് സീറ്റ് നിഷേധിച്ചേക്കും. ജാതിവിവേചനം തടയാനുള്ള യു.ജി.സി. ചട്ടത്തിന്റെപേരിൽ മുന്നാക്കവിഭാഗത്തിനുള്ളിൽ പാർട്ടിയോട് രൂപപ്പെട്ടിട്ടുള്ള അതൃപ്തിയും തലവേദന സൃഷ്ടിക്കുന്നുണ്ട്്.
Content Highlights: Amit Shah discusses BJP's strategy for the Uttar Pradesh election, hinting at implementing a uniform civil code and focusing on communal polarization.
Published: 31 Oct 2026, 06:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented