ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്കെതിരെ കടുത്ത പരാമര്‍ശവുമായി സുപ്രീംകോടതി. മുഖ്യമന്ത്രിയാണെന്നുകരുതി എന്തുംചെയ്യാമോയെന്ന് കോടതി ചോദിച്ചു. രാജാജി കടുവ സങ്കേതത്തിന്റെ ഡയറക്ടറായി ഐ.എഫ്.എഫ്. ഉദ്യോഗസ്ഥനായ രാഹുലിനെ നിയമിച്ച മുഖ്യമന്ത്രിയുടെ നടപടിയുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, പി.കെ. മിശ്ര, കെ.വി. വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചിന്റെ പരാമര്‍ശം. വനംമന്ത്രിയുടേതടക്കം എതിര്‍പ്പ് മറികടന്നുള്ള ഡയറക്ടര്‍ നിയമനം വലിയ വിവാദമായിരുന്നു.
പറയുന്നതെന്തും ചെയ്യുന്ന പണ്ടുകാലത്തെ രാജാക്കന്മാരെപ്പോലെ സര്‍ക്കാര്‍ മേധാവികള്‍ ആകാന്‍ പാടില്ല. നമ്മള്‍ ജീവിക്കുന്നത് ഫ്യൂഡല്‍ കാലത്തല്ലെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു. വകുപ്പുതല നടപടികള്‍ പരിഗണനയിലുള്ള ഐ.എഫ്.എസ്. ഉദ്യോഗസ്ഥനോട് മുഖ്യമന്ത്രിക്ക് എന്താണ് പ്രത്യേക മമതയെന്നും കോടതി ചോദിച്ചു.
രാജാജി കടുവാ സങ്കേതത്തിന്റെ ഡയറക്ടറായി രാഹുലിനെ നിയമിക്കരുതെന്ന കുറിപ്പ് അവഗണിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി കോടതി ചൂണ്ടിക്കാട്ടി. രാഹുലിനെ നിയമിക്കരുതെന്ന് കൃത്യമായ നിര്‍ദേശമുണ്ടായിരുന്നു. ഇത് വനംവകുപ്പ് മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഡെപ്യൂട്ടി സെക്രട്ടറിയും ശരിവെച്ചിരുന്നുവെന്നും കോടതി പറഞ്ഞു.
അതേസമയം, രാഹുല്‍ വേട്ടയാടപ്പെടുകയാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എ.എന്‍.എസ്. നദ്കര്‍ണി പറഞ്ഞു. യാതൊരു ആരോപണവുമില്ലാത്ത നല്ലൊരു ഉദ്യോഗസ്ഥനെ, വകുപ്പിന്റെ കുറിപ്പുണ്ടെന്ന് കരുതി വേണ്ടെന്ന് വെക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. പ്രശ്‌നമൊന്നുമില്ലെങ്കില്‍ സര്‍ക്കാര്‍ എന്തിനാണ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടികള്‍ക്ക് നീങ്ങുന്നതെന്ന് കോടതി മറുചോദ്യം ഉന്നയിച്ചു. പ്രഥമദൃഷ്ട്യാ തെളിവുകളൊന്നുമില്ലെങ്കില്‍ ആര്‍ക്കെതിരേയും വകുപ്പുതല നടപടികളുണ്ടാവാറില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Content Highlights: Chief Ministers Not "Kings": Supreme Court to Uttarakhand Chief Minister Pushkar Singh Dhami
Published: 05 Sept 2024, 10:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented