ദെഹ്റാദൂണ്‍: ഈ വര്‍ഷത്തെ കന്‍വര്‍ യാത്രയ്ക്ക് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതാധികാര യോഗത്തിലാണ് തീരുമാനം. കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം അതിവേഗത്തില്‍ വ്യാപിക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. ഈ വര്‍ഷത്തെ കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കരുതെന്നു കാട്ടി ഐ.എം.എ. മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച കത്തയച്ചിരുന്നു.

To advertise here,

കോവിഡ് 19-ന്റെ ആദ്യ തരംഗം മൂലം കഴിഞ്ഞ വര്‍ഷത്തെ കന്‍വര്‍ യാത്രയും സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കന്‍വര്‍ യാത്രയ്ക്ക് തടസ്സമില്ലെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം വന്നതിനുശേഷമാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ച് ഈ മാസം 25 മൂതല്‍ യാത്രയ്ക്ക് അനുമതി നല്‍കുമെന്ന് യു.പി. സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വളരെക്കുറച്ച് ആളുകള്‍മാത്രമേ യാത്രാനുമതി ഉള്ളൂ. ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റും യാത്രയ്ക്ക് നിര്‍ബന്ധമാണ്.

വിശ്വാസപ്രകാരം ജൂലായ് 25 മുതല്‍ ഓഗസ്റ്റ് മാസം ആദ്യ ആഴ്ചവരെയാണ് കന്‍വര്‍ യാത്ര നടത്തുന്നത്. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് എന്നിവടങ്ങളില്‍ നിന്നുള്ള കോടികണക്കിനു ശിവഭക്തര്‍ ഹരിദ്വാറില്‍ സംഗമിക്കും. ഇവിടെ ഗംഗാനദിയില്‍നിന്നു ശേഖരിക്കുന്ന വെള്ളം കലശങ്ങളില്‍ സംഭരിക്കുകയാണ് പതിവ്. പിന്നീട് ഇവ വീടുകളിലെയോ അമ്പലങ്ങളിലെയോ ശിവലിംഗത്തില്‍ അഭിഷേകം ചെയ്യും.

Content Highlights: Uttarakhand cancels Kanwar yathra due to COVID