
ലഖ്നൗ: കോവിഡ് പശ്ചാത്തലത്തില്‍ കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരേ സുപ്രീം കോടതി ബുധനാഴ്ച സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ആര്.എഫ്. നരിമാന് അധ്യക്ഷനായ ബെഞ്ച് കേസില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും.
കന്വര്യാത്രയുമായി മുന്നോട്ടുപോകാനുള്ള യു.പി. സര്‍ക്കാരിന്റെ തീരുമാനം മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇത് അലോസരപ്പെടുത്തുന്നതാണ്. അതേസമയം കോവിഡ് സാഹചര്യം കണക്കിലെടുത്ത് കന്‍വര്‍ യാത്ര ഉണ്ടാവില്ലെന്ന് ഉത്തരാഖണ്ഡ് വ്യക്തമാക്കിയിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ജസ്റ്റിസ് നരിമാന് സോളിസിറ്റര്‍ ജനറലിനോട് സൂചിപ്പിച്ചു.
കോവിഡ് മൂന്നാംതരംഗ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ച് യാത്രയുമായി മുന്നോട്ടുപോകാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ജൂലായ് 25 മുതല്‍ ഓഗസ്റ്റ് ആറുവരെ കന്‍വര്‍ യാത്ര നടത്തുമെന്ന് യു.പി. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എ.ഡി.ജി.) പ്രശാന്ത് കുമാര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, സുപ്രീം കോടതി നോട്ടീസിനോട് സമയപരിധിക്കുള്ളില്‍തന്നെ പ്രതികരിക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നവ്നീത് സെഹ്ഗാള്‍ പറഞ്ഞു. 'മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. ഔദ്യോഗികമായി നോട്ടീസ് ലഭിക്കുന്ന പക്ഷം മറുപടി നല്‍കും. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. കന്വര്യാത്രയ്ക്ക് അനുമതി നല്‍കാനാണ് ഇതുവരെയുള്ള സര്‍ക്കാര്‍ തീരുമാനം'-അദ്ദേഹം വ്യക്തമാക്കി.
2019-ലാണ് അവസാനമായി കന്‍വര്‍ യാത്ര നടത്തിയത്. അന്ന് ഏകദേശം മൂന്നരക്കോടി ഭക്തര്‍ ഹരിദ്വാര്‍ സന്ദര്‍ശിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. പടിഞ്ഞാറന്‍ യു.പി.യിലെ തീര്‍ഥാടന കേന്ദ്രങ്ങളിലാകട്ടെ ഏകദേശം രണ്ടു മുതല്‍ മൂന്നുകോടി പേര് സന്ദര്‍ശനം നടത്തിയിരുന്നു.
content highlights: Kanwar Yatra: Suprem Court Send Notice to UP Government
Published: 14 Jul 2021, 03:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented