ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ഏഴുസീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ അംഗീകരിച്ചു.

To advertise here,

കർണാടകയിൽ നിന്ന് മല്ലികാർജുൻ ഖാർഗെ, പവൻ ഖേര, മൻസൂർ അലി ഖാൻ എന്നിവരാണ് മത്സരിക്കുന്നത്. മധ്യപ്രദേശിൽനിന്ന് മീനാക്ഷി നടരാജനും രാജസ്ഥാനിൽ നിന്ന് നീരജ് ദാംഗിയും സ്ഥാനാർഥികളാകും. ഝാർഖണ്ഡിൽ നിന്ന് പ്രണവ് ഝാ, തമിഴ്‌നാട്ടിൽ നിന്ന് പ്രവീൺ ചക്രവർത്തി എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ.

രാജ്യസഭയിൽ ഒഴിവുവരുന്ന 24 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 18-നാണ് നടക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ എട്ടാണ്. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി ജൂൺ പതിനൊന്നും. വോട്ടെടുപ്പ് ജൂൺ 18 (രാവിലെ 9 മുതൽ വൈകിട്ട് നാലുമണി വരെ). വോട്ടെണ്ണലും ജൂൺ പതിനെട്ടിന് തന്നെ നടക്കും. ജൂൺ 20-ന് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും.

സുനേത്ര പവാർ രാജിവെച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിയിൽനിന്നും സി.വി. ഷൺമുഖം രാജിവെച്ചതിനെ തുടർന്ന് തമിഴ്‌നാട്ടിൽനിന്നും ഒഴിവുവന്ന രണ്ട് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ജൂൺ പതിനെട്ടിന് നടക്കുന്നുണ്ട്.

ആന്ധ്രപ്രദേശ് (4), ഗുജറാത്ത് (4), കർണാടക (4), മധ്യപ്രദേശ് (3), രാജസ്ഥാൻ (3), ഝാർഖണ്ഡ് (2), മണിപ്പുർ (1), മേഘാലയ(1), അരുണാചൽ പ്രദേശ് (1), മിസോറം (1) എന്നിങ്ങനെയാണ് ഒഴിവുവരുന്നത്. നിലവിൽ ഒഴിവുവരുന്ന 24 സീറ്റുകളിൽ പതിനാറും എൻഡിഎയുടേതാണ്.