പോര്‍ട്ട് ബ്ലെയര്‍: അന്തമന്‍ നികോബാര്‍ ദ്വീപുകളിലെ നിരോധിത മേഖലയില്‍ അനധികൃതമായി പ്രവേശിച്ച യുഎസ് പൗരന്‍ അറസ്റ്റില്‍. വടക്കന്‍ സെന്റിനല്‍ ദ്വീപിലെ നിരോധിത ട്രൈബല്‍ റിസര്‍വ് ഏരിയയില്‍ കടന്നതിനാണ് മാര്‍ച്ച് 31-ാം തീയതി മൈഖാലിയോ വിക്ടറോവിച്ച് പോളിയാകോവ് എന്ന 24-കാരന്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. 

To advertise here,

മാര്‍ച്ച് 26-ാം തീയതി അന്തമന്‍ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിലെത്തിയ പോളിയാകോവ്, 29-ാം തീയതി കുര്‍മ ദേരാ ബീച്ചില്‍നിന്ന് ബോട്ടിലാണ് നിരോധിത മേഖലയിലേക്ക് എത്തിയത്. ഇവിടെ ജീവിക്കുന്ന സെന്റിനെല്‍ ഗോത്രവിഭാഗക്കാര്‍ക്ക് നല്‍കാനായി ഒരു തേങ്ങയും ഒരു കോള കാനും കൈവശം കരുതിയിരുന്നെന്ന് പോലീസ് അറിയിച്ചു. 

വടക്കന്‍ സെന്റിനല്‍ ദ്വീപിലെത്തിയ പോളിയാകോവ് ബൈനോക്കുലര്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും അവിടെ ആരെയും കാണാന്‍ കഴിഞ്ഞില്ല. ഒരു മണിക്കൂറോളം തീരത്തുചെലവഴിക്കുകയും ആരെങ്കിലും പരിസരത്തുണ്ടെങ്കില്‍ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി ചൂളമടിക്കുകയും ചെയ്തു. എന്നാല്‍ പ്രതികരണമൊന്നുമുണ്ടായില്ല. തീരത്തിറങ്ങി കഷ്ടിച്ച് അഞ്ചുമിനിറ്റോളം കഴിഞ്ഞ് തേങ്ങയും കോളയും അവിടെ ഉപേക്ഷിച്ച് പോളിയാകോവ് മടങ്ങുകയായിരുന്നു. അതിന് മുന്‍പായി അവിടെനിന്ന് മണലിന്റെ സാമ്പിള്‍ ശേഖരിച്ച പോളിയാകോവ്, വീഡിയോയും ചിത്രീകരിച്ചുവെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

ഉച്ചയ്ക്ക് ഒരുമണിയോടെ തിരികെയാത്ര ആരംഭിച്ച പോളിയാകോവ്, വൈകിട്ട് ഏഴുമണിയോടെയാണ് കുര്‍മ ദേര ബീച്ചിലെത്തിയത്. അവിടെയുണ്ടായിരുന്ന പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ കാണുകയായിരുന്നു. ഇയാള്‍ എന്തിനാണ് റിസര്‍വ്ഡ് ട്രൈബല്‍ ഏരിയയില്‍ സന്ദര്‍ശനം നടത്തിയത് എന്നതിനെ കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഡിജിപി എച്ച്എസ് ധലിവാല്‍ പറഞ്ഞു. വിശദമായ അന്വേഷണത്തിന്റെ ഭാഗമായി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് പോളിയാകോവ് ഉള്ളത്. അതേസമയം ഇതാദ്യമായല്ല പോളിയാകോവ് അന്തമാന്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ കൊല്ലം ഒക്‌ടോബര്‍ മാസത്തില്‍ പോര്‍ട്ട് ബ്ലെയറിലെത്തിയ ഇയാള്‍ ഇക്കൊല്ലം ജനുവരിയിലും ഇവിടെ എത്തിയിരുന്നു.