
മുഹമ്മദ് അഖ്‌ലാഖ്, യോഗി ആദിത്യനാഥ് | Photo: 'X' @IndiaAwakened_, PTI
ലഖ്നൗ: വീട്ടിൽ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് ദാദ്രിയിലെ ബിസാഹ്ഡ ഗ്രാമത്തിൽ വയോധികനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസ് പിൻവലിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ അപേക്ഷ നൽകി. പ്രാദേശിക ബി.ജെ.പി നേതാവ് സഞ്ജയ് റാണയുടെ മകൻ വിശാൽ റാണയും ഉൾപ്പെട്ട കേസിലാണ് നടപടി.
2015 സെപ്റ്റംബർ 28-നായിരുന്നു സംഭവം. ബിസാഹ്ഡ ഗ്രാമത്തിലെ മുഹമ്മദ് അഖ്‌ലാഖ്(52) ആണ് കൊല്ലപ്പെട്ടത്. പശുവിനെ അറുത്തുവെന്നും ബീഫ് വീട്ടിൽ സൂക്ഷിച്ചുവെന്നുമുള്ള അഭ്യൂഹങ്ങളെ തുടർന്ന് ഒരു കൂട്ടം ആളുകൾ അദ്ദേഹത്തെയും മകൻ ഡാനിഷിനെയും വീട്ടിൽ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കി ആക്രമിക്കുകയായിരുന്നു. ഇഷ്ടിക, വടി, കത്തി മുതലായവ ഉപയോഗിച്ച് നടത്തിയ ക്രൂര ആക്രമണത്തിൽ തലയ്ക്കും നെഞ്ചിനുമേറ്റ ഗുരുതരമായ പരിക്കുകളേ തുടർന്ന് അഖ്‌ലാഖ് മരിച്ചു. ഡാനിഷ് ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
സർക്കാരിന്റെ കത്ത് അടുത്തിടെ ലഭിച്ചുവെന്നും, കേസ് നിലവിൽ പരിഗണിക്കുന്ന സൂരജ്പുരിലെ അതിവേഗ കോടതിയിൽ കുറ്റങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചതായും അഡീഷണൽ ഡിസ്ട്രിക്റ്റ് ഗവൺമെൻ്റ് കൗൺസൽ (എഡിജിസി) ഭഗ് സിങ് ഭാട്ടിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരുൾപ്പെടെ 18 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും 84 ദിവസത്തിനുള്ളിൽ 181 പേജുള്ള കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. പ്രതികളിലൊരാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ച് മരിച്ചു. പ്രായപൂർത്തിയായ 14 പ്രതികൾക്കെതിരെ കുറ്റം ചുമത്തിയതിന് ശേഷം 2021 മാർച്ച് 26-നാണ് വിചാരണ ആരംഭിച്ചത്. കേസ് ഇപ്പോഴും തെളിവെടുപ്പ് ഘട്ടത്തിലാണ്, കാര്യമായ പുരോഗതിയില്ല. 2022 ജൂണിൽ അഖ്‌ലാഖിന്റെ മകൾ ഷൈസ്തയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു, എന്നാൽ മറ്റ് കുടുംബാംഗങ്ങളുടെ മൊഴി ഇനിയും രേഖപ്പെടുത്തിയിട്ടില്ല.
ഇതൊരു ക്രൂരമായ ഒരു കൊലപാതകമായിരുന്നുവെന്നും കേസ് പിൻവലിക്കുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ദുർബലമാക്കുമെന്നും അഖ്‌ലാഖിന്റെ കുടുംബാംഗം ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
Content Highlights: Uttar Pradesh government moves to withdraw murder and other charges against 10 men accused in the 2015 Dadri mob lynching of Mohammad Akhlaq. Family distressed.
Published: 15 Nov 2025, 10:11 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented