ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കരുത് രാജ്യത്തെ നിയമങ്ങളെന്നും ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, പാഴ്സി തുടങ്ങി എല്ലാ മതവിഭാഗങ്ങൾക്കും ഒരേനിയമം ബാധകമാകണമെന്നുമാണ് ഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്തതെന്നും അമിത് ഷാ പറഞ്ഞു.

To advertise here,

ഭരണഘടനയുടെ നിർദേശക തത്വങ്ങളിൽ ഏകീകൃത സിവിൽ കോഡ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുംദിവസങ്ങളിൽ ബിജെപി സർക്കാരുകളുള്ള സംസ്ഥാനങ്ങളിലെല്ലാം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇതിനകം ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരു ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ജനങ്ങൾക്കാണ് ഭരണഘടന നൽകുന്നതെന്നും അധികാരത്തിലെത്തുന്നവർ ഭരണഘടനയുടെ പരിധിക്കുള്ളിൽനിന്നായിരിക്കണം ഭരണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ ആമുഖത്തിലെ ഓരോ വാക്കും ശക്തമായ ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉൾപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് പലതവണ അധികാര കൈമാറ്റം നടന്നിട്ടുണ്ടെങ്കിലും രക്തച്ചൊരിച്ചിലില്ലാതെ ഭരണഘടനാപരമായ നടപടിക്രമങ്ങളിലൂടെയാണ് അവയെല്ലാം നടന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

ഭരണഘടന ഉയർത്തിപ്പിടിച്ച് നടക്കുന്ന പ്രതിപക്ഷ നേതാക്കൾ അതിന്റെ യഥാർഥ ആശയം മനസ്സിലാക്കാൻ ഭരണഘടനയുടെ ആദ്യത്തെ പതിപ്പ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയുടെ ഓരോ അധ്യായത്തിന്റെയും തുടക്കത്തിൽ ശ്രീരാമൻ അയോധ്യയിലെത്തുന്നത്, ബുദ്ധൻ, മഹാവീരൻ, ഗുരു ഗോബിന്ദ് സിങ്, റാണി ലക്ഷ്മിഭായി, ദണ്ഡിയാത്ര, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരെ ചിത്രീകരിക്കുന്ന വരകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ മൂലപ്രതിയിൽ നന്ദലാൽ ബോസ് വരച്ച ചിത്രങ്ങൾ പരിശോധിച്ചാൽ അതിന്റെ ആശയം കൂടുതൽ വ്യക്തമാകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.