
കോഴിക്കോട്: ഓടുന്ന ട്രെയിനില്നിന്ന് പുറത്തേക്ക് തുടര്ച്ചയായി കൈവീശി അഭിവാദ്യം ചെയ്യുന്ന കേന്ദ്ര റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് വൈറലായിരിക്കുകയാണ്. മന്ത്രിയെ പരിഹസിച്ചുകൊണ്ട് നിരവധി പേര് വീഡിയോ പങ്കുവെച്ചതോടെയാണ് വീഡിയോ വൈറലായത്. ഒരാളും തിരികെ അഭിവാദ്യം ചെയ്യുന്നില്ലെങ്കിലും മന്ത്രി കൈവീശിക്കാണിക്കുന്നത് വ്യാജമാണെന്നു പറഞ്ഞാണ് പലരും വീഡിയോ പങ്കുവെച്ചത്.
മന്ത്രി തന്നെയാണ് വീഡിയോ എക്സ് ഉള്പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില് ആദ്യം പങ്കുവെച്ചത്. എറണാകുളം ജില്ലയിലെ ആലുവ റെയില്വേ സ്റ്റേഷനില് നിന്നുള്ള ദൃശ്യമാണ് വീഡിയോയിലുള്ളത്. എന്നാൽ, 'ആലുവ- കോഴിക്കോട്, കേരള' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ എക്സില് പങ്കുവെച്ചത്. ഇതും പരിഹാസത്തിനു കാരണമായി. കേരളത്തിലെ കോഴിക്കോട്ടെ ആലുവ എന്നാണ് മന്ത്രി ഉദ്ദേശിച്ചതെന്നാണ് പലരും പരിഹസിക്കുന്നത്.
എയർ കണ്ടീഷൻ ചെയ്ത ഇൻസ്പെക്ഷൻ ക്യാബിനിലാണ് മന്ത്രി സഞ്ചരിച്ചത്. ട്രെയിനിന്റെ പിന്നിലെ ക്യാബിനില്നിന്ന് പിറകോട്ടാണ് അശ്വിനി വൈഷ്ണവ് കൈവീശി അഭിവാദ്യം ചെയ്യുന്നത്. എന്നാല് ഇരുവശങ്ങളിലേയും പ്ലാറ്റ്ഫോമുകളിലുള്ള യാത്രക്കാരില് ഒരാള് പോലും മന്ത്രിയെ പ്രത്യഭിവാദ്യം ചെയ്യുന്നില്ല എന്നാണ് വീഡിയോയില് വ്യക്തമാകുന്നത്. ഇത് നേരില് കണ്ടിട്ടും മന്ത്രി കൈവീശല് തുടരുന്നത് എന്തിനാണെന്നു പലരും കമന്റുകളില് ചോദിച്ചു.
റെയില് മിനിസ്റ്റര് അല്ല, ഇത് റീല് മിനിസ്റ്ററാണ് എന്നാണ് ഒരാള് വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. കെ.പി.സി.സിയുടെ ഔദ്യോഗിക എക്സ് ഹാന്ഡിലും മന്ത്രിയുടെ വീഡിയോയെ പരിഹസിച്ച് രംഗത്തെത്തി. 'അശ്വിനി വൈഷ്ണവിനെ തിരികെ കൈവീശിക്കാണിച്ചവരുടെ ആകെ എണ്ണം: ഒന്നുപോലും ഞങ്ങള്ക്ക് എണ്ണാന് സാധിച്ചില്ല' എന്നാണ് കെ.പി.സി.സിയുടെ എക്സ് അക്കൗണ്ട് വീഡിയോയ്ക്കൊപ്പം കുറിച്ചത്. ആം ആദ്മി പാർട്ടിയും മന്ത്രിയുടെ വീഡിയോ 'റീൽ മന്ത്രി' എന്ന പരിഹാസത്തോടെ പങ്കുവെച്ചിട്ടുണ്ട്.
Content Highlights: Railways Minister Waving to People While Inspecting Aluva Station; Social Media Trolls
Published: 04 Nov 2024, 08:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented