
സലിം കുമാറിൻ്റെ അന്ത്യയാത്രാ വേളയിലെ "ഓൺലൈൻ മാധ്യമ പ്രവർത്തനം" വിവാദമായ പശ്ചാത്തലത്തിൽ പഴയൊരു അനുഭവം പങ്കുവെക്കുകയാണ്...
സൂക്ഷിച്ചോളൂ, മൈക്ക് വിടില്ല നിങ്ങളെ...
ഉറങ്ങുകയാണ് ബ്രഹ്മാനന്ദൻ; സ്വച്ഛശാന്തമായ ഉറക്കം. അന്ത്യാഞ്ജലി അർപ്പിക്കാൻ ഗായകന്റെ ഭൗതിക ശരീരത്തിന് ചുറ്റും തിക്കിത്തിരക്കുന്ന ആരാധകർക്കിടയിൽ നിശബ്ദനായി തലതാഴ്ത്തി നിൽക്കുന്നു കെ.പി. ഉദയഭാനു. എന്നും പ്രസാദാത്മകമായി മാത്രം കണ്ടിട്ടുള്ള ആ മുഖത്ത് വിഷാദത്തിന്റെ നേർത്ത അലകൾ. പതിറ്റാണ്ടുകൾക്ക് മുൻപ് ആകാശവാണി സ്റ്റുഡിയോയിലെ മൈക്കിന് മുന്നിൽ അളവറ്റ ആത്മവിശ്വാസത്തോടെ പാടാൻ വന്നുനിന്ന പഴയൊരു കൗമാരക്കാരനെ ഓർമ്മവന്നിരിക്കണം അദ്ദേഹത്തിന്. ആ വോയ്‌സ് റൂമിന്റെ ഏകാന്തതയിൽ നിന്നാണല്ലോ മലയാളിയുടെ സംഗീത ഹൃദയത്തിലേക്ക് ബ്രഹ്മാനന്ദൻ യാത്ര തുടങ്ങിയത്. മെലഡിയുടെ നാട്ടുവഴികളിലൂടെ, കയറ്റിറക്കങ്ങളും കയ്പ്പും മധുരവും ഇടകലർന്ന യാത്ര.
പൊടുന്നനെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു മൈക്ക് ഉദയഭാനുവിന്റെ മുഖത്തിനു നേർക്ക് നീളുന്നു. ഏതോ ടെലിവിഷൻ ചാനലിന്റെ പ്രതിനിധിയാണ്. "സാർ, ബ്രഹ്മാനന്ദൻ എന്ന ഗായകനെ കുറിച്ച് അങ്ങേക്ക് എന്താണ് പറയാനുള്ളത്?'' തെല്ലും നിനച്ചിരിക്കാതെ വന്ന കൗമാരക്കാരിയുടെ ചോദ്യത്തിനു മുന്നിൽ ഒരു വേള പകച്ചുപോയി ഉദയഭാനു. ഇന്റർവ്യൂവിന് നിന്നുകൊടുക്കാനുള്ള സമയമല്ല ഇതെന്ന് പറയണമെന്നുണ്ടായിരുന്നു അദ്ദേഹത്തിന്. പക്ഷേ ജീവിതത്തിലുടനീളം ആരോടും മറുത്തുപറഞ്ഞു ശീലമില്ലാത്ത, ആരുടേയും മുഖം കറുത്തുകാണുന്നത് ഇഷ്ടമില്ലാത്തയാൾക്ക് എങ്ങനെ ഉള്ളിലുള്ളത് വെട്ടിത്തുറന്നു പറയാൻ പറ്റും?
പതുക്കെ, വളരെ പതുക്കെ അദ്ദേഹം പറഞ്ഞു: "നല്ലൊരു ഗായകനായിരുന്നു. എന്റെ വലിയ കൂട്ടുകാരനും. സങ്കടമുണ്ട് ഇത്ര നേരത്തെ വിട്ടുപോയതിൽ...'' തനിക്ക് പറയാനുള്ളതെല്ലാം മൂന്നേ മൂന്നു വാചകങ്ങളിൽ ഒതുക്കി, മൈക്കിന്റെ പരിധിയിൽ നിന്ന് മാറി നിന്നു ഭാനു.
പക്ഷേ, മൈക്കുണ്ടോ ഉദയഭാനുവിനെ വിടുന്നു. "പോരാ. കുറച്ചുകൂടി നീണ്ട ബൈറ്റ് വേണം സാർ. ലൈവ് ടെലികാസ്റ്റ് ആണ്...'' റിപ്പോർട്ടർ വീണ്ടും. എന്നെ വെറുതെ വിടൂ എന്ന നിശബ്ദമായ അപേക്ഷയോടെ പെൺകുട്ടിയെ ദയനീയമായി നോക്കി നിന്നു മലയാളികളുടെ പ്രിയ വിഷാദഗായകൻ. ക്യാമറ അപ്പോഴും അദ്ദേഹത്തെ വട്ടമിട്ടു പറക്കുകയാണ്.
തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടി ഒന്നും മിണ്ടാതെ നിന്ന ഉദയഭാനുവിനോട് അതാ വരുന്നു അടുത്ത ചോദ്യം: "ബ്രഹ്മാനന്ദന്റെ പാട്ടുകളിൽ സാറിന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ഏതാണ്? പ്രേക്ഷകർക്ക് വേണ്ടി അതിന്റെ രണ്ടു വരി ഒന്ന് പാടാമോ?'' ടെലിവിഷൻ ക്യാമറക്ക് മുന്നിലെന്നല്ല മൊബൈൽ ഫോൺ ക്യാമറക്ക് മുന്നിൽ പോലും സങ്കോചത്തോടെ മാത്രം നിന്ന് ശീലിച്ചിട്ടുള്ള ഗായകന്റെ മുഖം തെല്ലൊന്ന് വിളറിയോ? "കുറെ പാട്ട് ഇഷ്ടമാണ്. ഇപ്പോൾ വരികളൊന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല. ക്ഷമിക്കണം.'' -- വിനയത്തോടെ ചുരുങ്ങിയ വാക്കുകളിൽ മറുപടി.
റിപ്പോർട്ടറുടെ മുഖത്ത് നിരാശ ഇരുൾ പരത്തുന്നു. ട്രെയിനീ ജേർണലിസ്റ്റ് ആയിരിക്കണം. എന്തെങ്കിലും കാര്യമായി തടയാതെ ലൈവ് പോയതെന്തിന് എന്ന് ഡെസ്ക്കിൽ നിന്ന് ചോദ്യം വരാം. ഔചിത്യവും ഔപചാരികതയുമൊക്കെ തീർത്തും അപ്രസക്തമാകുന്ന ഘട്ടം. തെല്ലും കൂസലില്ലാതെ പെൺകുട്ടി പറഞ്ഞു: "എന്നാൽ പിന്നെ സാറിന്റെ തന്നെ ഒരു പാട്ട് പാടിയാലും മതി. സാറും സിംഗർ ആണല്ലോ. ദുഃഖഗാനമായാൽ കൊള്ളാം..'' ഉദയഭാനു മാത്രമല്ല ഒപ്പമുള്ള സുഹൃത്തുക്കളും ഞെട്ടിപ്പോയ നിമിഷം. സ്വന്തം മൂക്കിന് നേരെ നീണ്ട മൈക്കിലേക്കും റിപ്പോർട്ടറുടെ കണ്ണുകളിലേക്കും മാറിമാറി നോക്കി ഉദയഭാനു ചോദിച്ചു: "അത് ശരിയാണോ? ഇപ്പൊ ഈ അവസ്ഥയിൽ....? എന്റെ പാട്ടിന് ഇവിടെ എന്ത് പ്രസക്തി.. ബ്രഹ്മാനന്ദനോടുള്ള അനാദരവാവില്ലേ അത്..?. ''
റിപ്പോർട്ടറുടെ മുഖത്ത് അതേ കൂസലില്ലായ്മ. "കുഴപ്പമില്ല സാർ. സാറിന്റെ വക ഒരു ഗാനാഞ്ജലി ആയിക്കോട്ടെ.'' ക്യാമറയിലേക്ക് തിരിഞ്ഞു തിടുക്കത്തിൽ എന്തോ പിറുപിറുത്ത ശേഷം മൈക്ക് വീണ്ടും ഉദയഭാനുവിന് നേർക്ക് നീട്ടുന്നു പെൺകുട്ടി.
നിസ്സഹായതയോടെ, അതിലേറെ ജാള്യത്തോടെ തന്റെ ഏറ്ററ്വും പ്രശസ്തമായ വിഷാദ ഗാനത്തിന്റെ പല്ലവി മൂളുന്നു ഗായകൻ: "അനുരാഗ നാടകത്തിൻ അന്ത്യമാം രംഗം തീർന്നു അരങ്ങിതിൽ ആളൊഴിഞ്ഞു കാണികൾ വേർപിരിഞ്ഞു...'' പൊടുന്നനെ ചുറ്റും നിശബ്ദത പരക്കുന്നു. അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ പലർക്കും അത്ഭുതം. മുഴുവൻ പാടുമോ എന്നോർത്ത് കാതോർക്കുന്നു മറ്റു ചിലർ. ആരൊക്കെയോ അഭിനന്ദിക്കാനായി ഉദയഭാനുവിന് നേർക്ക് കൈകൾ നീട്ടുന്നു.
ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല ഭാനു. പാടാനുള്ളത് പാടിത്തീർത്ത് പെട്ടെന്ന് ആൾക്കൂട്ടത്തിൽ മറയുന്നു അദ്ദേഹം...റിപ്പോർട്ടറും ക്യാമറാമാനും അടുത്ത ഇരയെ തേടി വീണ്ടും മൃതദേഹത്തിനരികിലേക്ക്....
തിരിച്ചുപോകുമ്പോൾ വെറുതെ ചോദിച്ചു: "ഈ കോമഡിക്ക് ഉദയഭാനു ചേട്ടൻ നിന്നുകൊടുക്കേണ്ടിയിരുന്നോ? ഒഴിഞ്ഞു മാറുകയായിരുന്നില്ലേ ഉചിതം?'' വിഷാദ സ്പർശമുള്ള ഒരു ചിരിയോടെ ഉദയഭാനു പറഞ്ഞു: "ഞാൻ പിന്നെന്തു ചെയ്യും? പറ്റില്ല എന്ന് പറഞ്ഞാലും പ്രശ്നമാകും. ലൈവ് ആയി കാണുകയല്ലേ ആളുകൾ? ഔചിത്യം കാണിക്കേണ്ടത് ആ റിപ്പോർട്ടറല്ലേ ?'' പിന്നെ, ആത്മഗതമായി ഇത്ര കൂടി: "ബ്രഹ്മാനന്ദൻ ഇപ്പോൾ വേറെ ഏതോ ലോകത്തിരുന്ന് ഊറിച്ചിരിക്കുന്നുണ്ടാകും; ഓർത്തോ, നിനക്കും ഒരുനാൾ ഈ ഗതി തന്നെ വരും എന്ന് പറഞ്ഞുകൊണ്ട്...''
Content Highlights: Amidst the raging controversy over online media behavior at actor Salim Kumar's funeral, a poignant past incident has resurfaced detailing how legendary singer K.P. Udayabhanu was insensitively forced to sing his own sad song at fellow singer Brahmanandan's funeral by a live television reporter.
Published: 08 Jun 2026, 04:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented