തൃശ്ശൂര്‍: കേന്ദ്ര ബജറ്റിനെ പരിഹസിച്ച കോണ്‍ഗ്രസ് എം.പി ശശി തരൂരിന് മറുപടിയുമായി ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍. 2014 ല്‍ എന്‍ജിന്‍ കരിഞ്ഞ നിലയില്‍ കിട്ടിയ വണ്ടി ഇന്ന് റോഡില്‍ ഓടുന്നതുതന്നെ മോദി എന്ന ഡ്രൈവറുടെ മിടുക്കുകൊണ്ടാണെന്ന് അദ്ദേഹം തിരിച്ചടിച്ചു.
ബ്രേക്കില്ലെങ്കിലും ഹോണ്‍ ശബ്ദത്തിലാക്കി എന്ന് പരിഹസിക്കുന്ന തരൂര്‍ ഒരിക്കല്‍പ്പോലും എന്‍ജിന്‍ തകരാറായതിനെപ്പറ്റി ചിന്തിച്ചിട്ടേയില്ല. ഹോണ്‍ അടിക്കാനാണ് തരൂര്‍ എന്നും ശ്രമിച്ചിട്ടുള്ളത്. ഹോണും ബ്രേക്കും ശരിയാക്കാനല്ല മോദി ആദ്യം ശ്രമിച്ചത്. എന്‍ജിന്‍ ശരിയാക്കാനാണ്. ഗുജറാത്തിന്റെ ഡ്രൈവറെ ഇന്ത്യ മാത്രമല്ല, ലോകം മുഴുവന്‍ ആരാധിക്കുമ്പോള്‍ തരൂര്‍ കുശുമ്പ് കുത്തിയിട്ട് കാര്യമില്ല. കുശുമ്പിന് മരുന്ന് ഇല്ലാത്തതിനാല്‍ ഹോണടിച്ച് തരൂരിന്റെ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നതില്‍ വാസ്തവത്തില്‍ ഖേദമുണ്ട്.
സ്വതന്ത്ര ഭാരതം ഇത്രയധികം പ്രതിസന്ധി നേരിട്ട കാലഘട്ടം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുന്ന മൃതസഞ്ജീവനിയാണ് കേന്ദ്ര ബജറ്റ്. കേരളത്തിന് കിട്ടിയ നേട്ടമെങ്കിലും തരൂര്‍ ഓര്‍ക്കണമായിരുന്നുവെന്നും ബിജെപി വക്താവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Content Highlights: Union Budget 2021 B Gopalakrishnan Shashi Tharoor