തിരുവനന്തപുരം: ധനമന്ത്രി നിർമല സീതാരാമൻ ഞായറാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന് തന്നെ കേന്ദ്ര ധനമന്ത്രി മറന്നുപോയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തോടുള്ള ഇത്രയും വലിയ അവഗണനയിൽ കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ മറുപടി പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണമായും തഴയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫിനാൻസ് കമ്മീഷൻ വിഹിതം ഉയർത്തണമെന്ന ആവശ്യം നിരാകരിക്കുകയും 41 ശതമാനം വിഹിതമെന്ന നിലവിലെ സ്ഥിതി തുടരാൻ തീരുമാനിക്കുകയും ചെയ്തത് ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന നടപടിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൂർണമായും നവലിബറൽ സാമ്പത്തിക യുക്തിയെ പുൽകുന്ന ഈ ബജറ്റ് കോർപ്പറേറ്റുകളെ കൊഴുപ്പിക്കാനും സാധാരണക്കാരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുന്നതിനുമുള്ള നയരേഖയാണ്. കേന്ദ്ര വിഹിതമായ ഡിവിസിബിൾ പൂളിൽ നിന്നും കേരളത്തിന് അർഹമായത് നൽകുന്നില്ല എന്ന് മാത്രമല്ല, റവന്യൂ ഡെഫിസിറ്റ് ഗ്രാന്റുകൾ തുടരേണ്ടതില്ലെന്ന തീരുമാനം വഴി സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനാണ് കേന്ദ്ര ശ്രമം. ഗ്രാന്റുകളുടെ കാര്യത്തിൽ വലിയ വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. 2021-ൽ 2.2 ലക്ഷം കോടി രൂപയായിരുന്ന ഗ്രാന്റ് ഇപ്പോൾ 1.4 ലക്ഷം കോടി രൂപയായി കുറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിലും ആഭ്യന്തര വരുമാന വളർച്ചയിലും കേരളം കൈവരിച്ച നേട്ടങ്ങളെ മുൻനിർത്തി നികുതി വിഹിതത്തിൽ വന്ന ചെറിയ വർദ്ധനവ് സംസ്ഥാനത്തിന്റെ അർഹതപ്പെട്ട അവകാശം മാത്രമാണ്. എന്നാൽ ഗ്രാന്റുകൾ നിഷേധിക്കുന്നതിലൂടെ കേന്ദ്രത്തിൽ നിന്നുള്ള മൊത്തം വിഹിതത്തിൽ തത്വത്തിൽ വർദ്ധനവുണ്ടാകുന്നില്ല എന്നത് ഗൗരവകരമാണ്.
കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അത്യന്തം അപകടകരമാണ്. എന്നാൽ, കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം സ്വകാര്യ കുത്തകകൾക്ക് ഖനനത്തിന് വഴിയൊരുക്കുന്ന നയമാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശന വ്യവസ്ഥകൾ പോലും റദ്ദാക്കിക്കൊണ്ട് പാരിസ്ഥിതികാനുമതി നൽകുന്നത് വേഗത്തിലാക്കി സ്വകാര്യ മേഖലയെ സഹായിക്കാനാണ് കേന്ദ്ര നീക്കം. വിഴിഞ്ഞം, ചവറ, കൊച്ചി എന്നിവയെ ബന്ധിപ്പിച്ച് പൊതുമേഖലയിൽ ഒരു ധാതു ഇടനാഴി സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ പ്രഖ്യാപനങ്ങൾക്ക് കടകവിരുദ്ധമായി സ്വകാര്യ കുത്തകൾക്ക് ധാതുസമ്പത്ത് വിട്ടുകൊടുക്കുന്ന കേന്ദ്ര നീക്കം അപകരമാണ്. റെയിൽവേ കോച്ച് ഫാക്ടറി അടക്കമുള്ള വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് സർക്കാരും ബി.ജെ.പി സർക്കാരും ഒരുപോലെ കേരളത്തെ കബളിപ്പിക്കുകയാണെന്ന് ഈ ബജറ്റും സാക്ഷ്യപ്പെടുത്തുന്നു.
വിലക്കയറ്റവും പണപ്പെരുപ്പവും രൂക്ഷമായി തുടരുമ്പോഴും ഭക്ഷ്യ-ആരോഗ്യ-വളം സബ്സിഡികളിൽ വരുത്തിയ കുറവ് ജനജീവിതത്തെ പാപ്പരീകരിക്കും. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതത്തിൽ പതിനായിരക്കണക്കിന് കോടി രൂപയുടെ വെട്ടിക്കുറവാണ് വരുത്തിയത്. ഇത് ഗ്രാമീണ തൊഴിൽ മേഖലയെ തകർക്കും. കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനോ കേരളത്തെ തകർക്കുന്ന ഇറക്കുമതി നിയന്ത്രിക്കാനോ കേന്ദ്രം തയ്യാറായിട്ടില്ല. എഫ്.എ.സി.ടി, കൊച്ചിൻ റിഫൈനറി തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ അവഗണിച്ച ബജറ്റ്, ടൂറിസം, വിദ്യാഭ്യാസ, വ്യവസായ മേഖലകളെയും പൂർണ്ണമായും നിരാശപ്പെടുത്തി.
Content Highlights: Kerala CM Pinarayi Vijayan strongly criticizes the Union Budget, citing severe discrimination and neglect towards the state, demanding answers from central ministers.
Published: 01 Feb 2026, 05:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented