
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്ന കര്‍ഷകരുടെ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമര്‍. ഡിസംബര്‍ മൂന്നിനാണ് കേന്ദ്രമന്ത്രി കര്‍ഷകരുമായി ചര്‍ച്ച നടത്തുക.
'പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളതാണ്. രാജ്യത്തെമ്പാടടുമുള്ള കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും വരുമാനം ഇരട്ടിയാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തയ്യാറായിരുന്നുവെങ്കില്‍ ഇപ്പോഴുള്ള സാഹചര്യം ഉണ്ടാവില്ലായിരുന്നുവെന്ന് ശിരോമണി അകാലിദള്‍ ജനറല്‍ സെക്രട്ടറി പ്രേം ചന്ദുമാജ്ര പ്രതികരിച്ചു. കുറഞ്ഞ താങ്ങുവില അടിസ്ഥാന അവകാശമാക്കണമെന്നും പുതിയ കാര്‍ഷിക നിയമം റദ്ദാക്കണമെന്നാണ് കര്‍ഷകുടെ ആവശ്യമെന്നും അദ്ദേഹം പ്രതികരിച്ചു.
അതിനിടെ പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രതിഷേധവുമായെത്തിയ ആയിരക്കണക്കിന് കര്‍ഷകരെ പോലീസ് ഹരിയാണ അതിര്‍ത്തിയില്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സമരം തടയാന്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ത്തു. ഇത് കര്‍ഷകരും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചു. കര്‍ഷകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഉത്തരവ് പ്രകാരമാണ് പഞ്ചാബുമായുളള അതിര്‍ത്തി ഹരിയാണ അടച്ചിട്ടത്. ബാരിക്കേഡുകള്‍, ജലപീരങ്കികള്‍ തുടങ്ങി സര്‍വസന്നാഹങ്ങളും കര്‍ഷക റാലി തടയുന്നതിനായി സജ്ജമാക്കിയിട്ടുണ്ട്. കര്‍ഷക റാലിയുടെ പശ്ചാത്തലത്തില്‍ ഹരിയാണ രണ്ടുദിവസത്തേക്ക് പഞ്ചാബിലേക്കുളള ബസ് സര്‍വീസും നിര്‍ത്തിവെച്ചു.
പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ഇന്നും നാളെയുമായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് നത്തുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക റാലിക്ക് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങി ഡല്‍ഹി അതിര്‍ത്തികളില്‍ വന്‍ സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Content Highlights: Union Agriculture Minister invites protesting farmers for talks on Dec 3
Published: 26 Nov 2020, 03:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented