ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ ജയിലില്‍ കഴിയുന്ന ജെഎന്‍യു മുന്‍ നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ഡിസംബര്‍ 16 മുതല്‍ 29 വരെയാണ് ഡല്‍ഹി കോടതി ഉമര്‍ ഖാലിദിന് ജാമ്യം അനുവദിച്ചത്.

To advertise here,

ജാമ്യകാലയളവില്‍ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അല്ലാതെ മറ്റാരെയും കാണരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വീട്ടിലോ അല്ലെങ്കില്‍ വിവാഹചടങ്ങ് നടക്കുന്ന സ്ഥലങ്ങളിലോ മാത്രമേ താമസിക്കാവൂയെന്നും കോടതി നിര്‍ദേശിച്ചു. സാക്ഷികളെ ബന്ധപ്പെടരുത്, ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം തുടങ്ങിയ ജാമ്യവ്യവസ്ഥകളുമുണ്ട്. ജാമ്യ കാലാവധി കഴിഞ്ഞ് ഡിസംബര്‍ 29-ന് വൈകീട്ട് ഉമര്‍ ഖാലിദിനെ തിരികെ ജയിലില്‍ എത്തിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഉമര്‍ ഖാലിദ് അടക്കമുള്ള പ്രതികള്‍ നേരത്തേ പലതവണ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാല്‍, കഴിഞ്ഞവര്‍ഷം ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി ഉമര്‍ ഖാലിദിന് ഏഴുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. 2022-ലും സമാന ആവശ്യത്തിന് ഇടക്കാല ജാമ്യം നല്‍കിയിരുന്നു. ഡല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദ് 2020 മുതല്‍ ജയിലിലാണ്.