ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുർ ജില്ലയിൽ ബസ് റോഡിൽ നിന്ന് തെന്നിമാറി തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. അപകടത്തിൽ 29 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാംനഗർ-ഉധംപുർ ഹൈവേയിലെ കഗോർട്ട് ഗ്രാമത്തിന് സമീപമാണ് യാത്രക്കാരുമായി പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഉൾഗ്രാമത്തിൽ നിന്നും ഉധംപുർ നഗരത്തിലേക്ക് പോകുകയായിരുന്ന ബസ് അമിതവേഗതയിലായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

To advertise here,

അപകടവാർത്ത പുറത്തുവന്ന ഉടൻ തന്നെ പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നിർദ്ദേശം നൽകുകയും ചെയ്തു. പരിക്കേറ്റവരിൽ ഗുരുതരാവസ്ഥയിലുള്ളവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഹെലികോപ്റ്റർ മാർഗ്ഗം എയർലിഫ്റ്റ് ചെയ്യാനുള്ള ക്രമീകരണങ്ങൾ നടത്തിവരികയാണെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് അറിയിച്ചു.

ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കടുത്ത ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ഓഫീസ് ധനസഹായം പ്രഖ്യാപിച്ചു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇരകളുടെ കുടുംബങ്ങൾക്കൊപ്പം സർക്കാർ ഉറച്ചുനിൽക്കുന്നുവെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.