ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് നീക്കം ചെയ്തത് ട്വിറ്റര്‍ പുനഃസ്ഥാപിച്ചു. നീക്കം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുനഃസ്ഥാപിച്ചത്. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ മാറ്റം വരുത്തിയിട്ടില്ലായിരുന്നു. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിന് 9.3 ലക്ഷം ഫോളോവേഴ്സും വെങ്കയ്യനായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിന് 13 ലക്ഷം ട്വിറ്റര്‍ ഫോളോവേഴ്സുമാണുള്ളത്.

To advertise here,

വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ അക്കൗണ്ട് ആറ് മാസത്തോളമായി നിഷ്‌ക്രിയമായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ബ്ലൂ ടിക്ക് നീക്കം ചെയ്യപ്പെട്ടതെന്നുമായിരുന്നു ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചിരുന്നത്.

അതേ സമയം ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി രംഗത്തെത്തിയിരുന്നു. ട്വിറ്ററിന്റെ നടപടി ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്ന് ബിജെപി മുംബൈ വാക്താവ് സുരേഷ് നഖുവ പറഞ്ഞു.

ഒരു അക്കൗണ്ട് ആധികാരികമാണെന്ന് അറിയാന്‍ വേണ്ടിയാണ് ട്വിറ്റര്‍ ബ്ലൂടിക് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സജീവമായ അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ബ്ലൂ ടിക്ക് നല്‍കുന്നതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം.

സര്‍ക്കാര്‍ കമ്പനികള്‍, ബ്രാന്‍ഡുകള്‍, ലാഭരഹിത സംഘടനകള്‍, വാര്‍ത്താ മാധ്യമങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, സിനിമ, കായിക താരങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, മറ്റു ശ്രദ്ധേയമായ വ്യക്തിത്വങ്ങള്‍ തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ക്കാണ് ട്വിറ്റര്‍ വെരിഫിക്കേഷന്‍ നടപടികളിലൂടെ ബ്ലൂ ടിക്ക് നല്‍കി വരുന്നത്.

അക്കൗണ്ടുകള്‍ നിഷ്‌ക്രിയവും അപൂര്‍ണ്ണവുമാകുക, അക്കൗണ്ട് പേര് മാറ്റുക, ഔദ്യോഗിക പദവികള്‍ ഒഴിയുകയോ ചെയ്യുമ്പോള്‍ ഇത്തരത്തില്‍ ബ്ലൂ ടിക്ക് നഷ്ടപ്പെടാം.