പട്‌ന: മകന്‍ തേജ് പ്രതാപ് യാദവിനെ കുടുംബത്തില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ നടപടി വെറും നാടകമാണെന്നും ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നും ആരോപണം. തേജ് പ്രതാപുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് അകന്നു കഴിയുന്ന ഭാര്യ ഐശ്വര്യ റായ് ആണ് ഭര്‍തൃപിതാവിന്റെ നടപടിക്കെതിരേ പരിഹാസവും വിമര്‍ശനവുമായി രംഗത്തെത്തിയത്. തേജ് പ്രതാപിന്റെയും ഐശ്വര്യയുടെയും വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലാണ്. 

To advertise here,

അവര്‍ അങ്ങനെ ചെയ്തത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടാണ്. ഇത് തിരഞ്ഞെടുപ്പിനുവേണ്ടിയുള്ള നാടകമാണ്. എനിക്കുറപ്പാണ്, റാബ്രി ദേവി അയാളുടെ (തേജ് പ്രതാപ്) അടുത്ത് പോയിട്ടുണ്ടാകും. അയാളുടെ കണ്ണീരൊപ്പുകയും എല്ലാം ശരിയാക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ടാകും. ഇക്കാര്യത്തില്‍ അവര്‍ എല്ലാവരും ഒറ്റക്കെട്ടാണ്, ഐശ്വര്യ ആരോപിച്ചു. ബിഹാര്‍ മുന്‍മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചുമകളാണ് ഐശ്വര്യ. 2018-ലായിരുന്നു ഐശ്വര്യ-തേജ് പ്രതാപ് വിവാഹം. 

12 കൊല്ലമായി താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള തേജ് പ്രതാപിന്റെ വിവാദ ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെ ഞായറാഴ്ചയാണ് ലാലു, മകനെ പാര്‍ട്ടിയില്‍നിന്നും കുടുംബത്തില്‍നിന്നും പുറത്താക്കിയത്. ഒരു യുവതിയുടെ ചിത്രം സഹിതമായിരുന്നു തേജ് പ്രതാപിന്റെ കുറിപ്പ്. സംഗതി വിവാദമായതോടെ കുറിപ്പ് ഡിലീറ്റ് ചെയ്യുകയും ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് തേജ് പ്രതാപ് പറയുകയും ചെയ്തിരുന്നു. 

മറ്റൊരു സ്ത്രീയുമായി തേജ് പ്രതാപിന് ബന്ധമുണ്ടായിരുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നും ഐശ്വര്യ പറഞ്ഞു. ഇപ്പോള്‍ എല്ലാവര്‍ക്കും സത്യം അറിയാം. എല്ലാവര്‍ക്കും ഇതേക്കുറിച്ച് അറിയാമായിരുന്നെങ്കില്‍ പിന്നെന്തിനാണ് അയാള്‍ എന്നെ വിവാഹം കഴിച്ചത്, എന്റെ ജീവിതം നശിപ്പിച്ചത്. പന്ത്രണ്ടുകൊല്ലത്തെ രഹസ്യം ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നു. ഒരുപാടുകാലമായുള്ള ബന്ധമാണെങ്കില്‍ സ്വാഭാവികമായും അയാളുടെ കുടുംബത്തിന് ഇതേക്കുറിച്ച് അറിവുണ്ടായിരിക്കും, ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. മകനെ പുറത്താക്കിയ ശേഷം ഇപ്പോള്‍ സാമൂഹികനീതിയെ കുറിച്ച് സംസാരിക്കുകയാണ് ലാലു പ്രസാദ് യാദവ്. എന്നെ വീട്ടില്‍നിന്ന് പുറത്താക്കിയപ്പോള്‍ എവിടെ ആയിരുന്നു അദ്ദേഹത്തിന്റെ നീതിബോധം, ഐശ്വര്യ ആരാഞ്ഞു.