ന്യുഡല്‍ഹി: ഇന്ത്യയെയും റഷ്യയെയും കൂടുതല്‍ അടുപ്പിച്ചതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കിള്‍ റൂബിന്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ രണ്ടുദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയായതിന് പിന്നാലെയാണ് മൈക്കിള്‍ റൂബിന്റെ പരിഹാസം. എഎന്‍ഐയോട് സംസാരിക്കവേയാണ് ഇദ്ദേഹം ട്രംപിനെയും യുഎസ് നയങ്ങളെയും വിമര്‍ശിച്ചത്. 'യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് തീര്‍ച്ചയായും ഒരു നൊബേല്‍ സമ്മാനം ലഭിക്കണം. അദ്ദേഹത്തിന്റെ സ്വയം പ്രഖ്യാപിത സമാധാന സംരംഭങ്ങള്‍ക്കല്ല, മറിച്ച് ഇന്ത്യയെയും റഷ്യയെയും അറിയാതെ കൂടുതല്‍ അടുപ്പിച്ചതിനാണ്' അദ്ദേഹം പരിഹസിച്ചു. പുതിന് ഇന്ത്യ നല്‍കിയ സ്വീകരണം സമാനതകളില്ലാത്തതാണെന്നും ഈ സാഹചര്യങ്ങള്‍ ഉണ്ടാക്കിയതില്‍ ട്രംപിന്റെ പങ്ക് അവഗണിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ- യുഎസ് ബന്ധം ട്രംപ് തകിടം മറിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ട്രംപിനെ ഇഷ്ടപ്പെടാത്ത 65 ശതമാനം അമേരിക്കക്കാരും ഈ സാഹചര്യത്തെ ട്രംപിന്റെ കഴിവുകേടായാണ് കാണുന്നത്.
വാഷിംഗ്ടണിലെ പലരും ട്രംപ് എങ്ങനെയാണ് ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധം ദുര്‍ബലപ്പെടുത്തിയെന്ന് കണ്ട് ഞെട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്ക പലപ്പോഴും ഇന്ത്യയുടെ അടിസ്ഥാന ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യയ്ക്ക് തടസ്സമില്ലാതെ ക്രൂഡോയില്‍ നല്‍കുമെന്ന പുതിന്റെ പ്രഖ്യാപനം ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'ഇന്ത്യയുടെ താത്പര്യങ്ങള്‍ പ്രതിനിധീകരിക്കാനാണ് ഇന്ത്യക്കാര്‍ മോദിയെ തിരഞ്ഞെടുത്തത്. ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ്, ഉടന്‍ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകും, അതിന് ഊര്‍ജ്ജം ആവശ്യമാണ്' - അദ്ദേഹം പറഞ്ഞു.
റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നതിനെ എതിര്‍ക്കുന്ന യുഎസ് പക്ഷെ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.എസിന്റെ നയം കപടമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. 'ഇന്ത്യ റഷ്യന്‍ ഇന്ധനം വാങ്ങുന്നത് നമുക്ക് തടയണമെങ്കില്‍, കുറഞ്ഞ വിലയില്‍ ആവശ്യത്തിന് ഇന്ധനം നല്‍കാന്‍ നമ്മള്‍ എന്തുചെയ്യും?' അദ്ദേഹം ചോദിച്ചു.'നമുക്ക് അതിന് ഒരുത്തരം ഇല്ലെങ്കില്‍, നമ്മുടെ ഏറ്റവും നല്ല സമീപനം മിണ്ടാതിരിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Former Pentagon official Michael Rubin sarcastically suggests Trump deserves a Nobel Prize for unwittingly strengthening India-Russia relations, a move driven by his perceived incompetence.
Published: 06 Dec 2025, 08:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented