മുംബൈ: ടെലിവിഷന്‍ റേറ്റിങ് പോയന്റ് അഥവാ ടി.ആര്‍.പിയില്‍ ഇന്ത്യ ടുഡെ കൃത്രിമം കാണിച്ചുവെന്നതിന് യാതൊരു തെളിവുമില്ലെന്ന് മുംബൈ ജോയിന്റ് കമ്മീഷണര്‍ മിലിന്ദ് ഭാരംബെ. എഫ്‌ഐആറില്‍ ഇന്ത്യ ടുഡെയുടെ പേരുണ്ടെങ്കിലും കുറ്റാരോപിതരോ സാക്ഷികളോ അത് സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ടിആര്‍പിയില്‍ റിപ്പബ്ലിക് ടിവി അടക്കം മൂന്ന് ചാനലുകൾ കൃത്രിമം കാണിച്ചുവെന്ന് മുംബൈ പോലീസ് എഫ് ഐആറുണ്ട്. ഇത് ചൂണ്ടിക്കാട്ടി റിപ്പബ്ലിക് ചാനല്‍ മേധാവി അർണാബ് ഗോസ്വാമി തന്നെയാണ് ഇന്ത്യ ടുഡെക്കെതിരേ ആരോപണവുമായി രംഗത്തു വന്നത്. എന്നാല്‍ അര്‍ണാബിന്റെ ആരോപണത്തെ തള്ളുന്നതാണ് മുംബൈ പോലീസ് പ്രതികരണം.

"എഫ്‌ഐആറില്‍ ഇന്ത്യ ടുഡെയുടെ പേരുണ്ടെങ്കിലും അത് സാക്ഷികളോ പ്രതികളോ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അതിനു വിപരീതമായി റിപ്പബ്ലിക് ടിവിയുടെയും ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകളുടെയും പേരുകള്‍ പ്രതികളും സാക്ഷികളും എടുത്തു പറഞ്ഞിട്ടുമുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്", ജോയിന്റ് കമ്മീഷണർ പറഞ്ഞു. 

ടിആര്‍പി റേറ്റിങ്ങുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വി. ഫാക്ട് മറാത്തി, ബോക്സ് സിനിമ എന്നീ മൂന്നു ചാനലുകള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് മുംബൈ പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  മറ്റ് രണ്ട് ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റിപ്പബ്ലിക് ടി.വി. ജീവനക്കാരെ ഉടൻ തന്നെ വിളിച്ചുവരുത്തും.

റേറ്റിങ് കൂട്ടാനായി കൃത്രിമം നടത്തിയെന്നും ഇവയ്ക്ക് അനധികൃത പരസ്യഫണ്ട് ലഭിച്ചതായും മുംബൈ പോലീസ് മേധാവി പരംബീര്‍ സിങ് വ്യക്തമാക്കിയിരുന്നു. 

ഒരു പ്രത്യേക ചാനല്‍ എത്രയാളുകള്‍ കാണുന്നു എന്ന് കണക്കാക്കുകയാണ് ടി.ആര്‍.പിയിലൂടെ ചെയ്യുന്നത്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ അഥവ BARC ആണ് ഇന്ത്യയില്‍ ചാനലുകളുടെ ടി.ആര്‍.പി. കണക്കാക്കുന്നത്. ഇതിനായി ബാര്‍ക് മീറ്റര്‍ എന്ന ഉപകരണമാണ് ഉപയോഗിക്കാറ്. 

ടി.ആര്‍.പി. കണക്കാക്കാന്‍ മുപ്പതിനായിരത്തില്‍ അധികം ബാര്‍ക് മീറ്ററുകള്‍ ആണ് രാജ്യത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ രണ്ടായിരത്തോളം ബാര്‍ക് മീറ്ററുകള്‍ മുംബൈയിലാണ് സ്ഥാപിച്ചിരിക്കുന്നത്. സാധാരണയായി ബാര്‍ക് മീറ്ററുകള്‍ സ്ഥാപിക്കുന്ന പ്രദേശം രഹസ്യമായി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. 

ബാര്‍ക് മീറ്ററുകള്‍ സ്ഥാപിക്കുകയും അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതും ഹന്‍സ എന്ന ഏജന്‍സിയാണ്. എവിടെയൊക്കെയാണ് ബാര്‍ക് മീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് ഹന്‍സയുടെ ചില മുന്‍ജീവനക്കാര്‍ ചാനലുകളോട് വെളിപ്പെടുത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ബാര്‍ക് മീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നിടത്തെ വീട്ടുകാര്‍ക്ക് തങ്ങളുടെ ചാനലുകള്‍ കാണാന്‍ ആരോപണ വിധേയരായ സ്ഥാപനങ്ങള്‍ പണം നല്‍കിയിരുന്നെന്നുമായിരുന്നു മുബൈ പോലീസിന്റെ കണ്ടെത്തൽ.

അതേസമയം റിപ്പബ്ലിക് ടി.വി. പരംവീര്‍ സിങ്ങിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. മുംബൈ പോലീസ് കമ്മീഷണര്‍ മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. റിപ്പബ്ലിക് ടിവിയ്ക്കെതിരെ പരംബീര്‍ സിങ് തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണെന്ന് അര്‍ണാബ് ഗോസ്വാമി പറഞ്ഞു. സുശാന്ത് സിങ് രാജ്പുത്ത് കേസില്‍ റിപ്പബ്ലിക് ടി.വി. പരംബീര്‍ സിങ്ങിനു നേരെ ചോദ്യങ്ങള്‍ ചോദിച്ചതാണ് ഇതിനു കാരണമെന്നും അര്‍ണാബ് പറഞ്ഞു. ഇന്ത്യടുഡെയുടെ പേരും എഫ്‌ഐആറില്‍ ഉണ്ടെന്ന ആരോപണവും അര്‍ണാബ് ഉന്നയിച്ചിരുന്നെങ്കിലും സാക്ഷികളോ പ്രതികളോ ആ വാദം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് മുബൈ പോലീസ് പറയുന്നത്.

content highlights: TRP Scam, Arnab's Claims against India Today not supported by witnesses, accused, say Mumbai Police