ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ തൃണമൂൽ കോൺഗ്രസിനെ പിടിച്ചുലച്ച രാഷ്ട്രീയ തർക്കങ്ങൾ പാർലമെന്റിലും അലയടിക്കുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ, ഏകദേശം 20 എംപിമാർ പാർട്ടിവിട്ട് ഉടൻ ബിജെപിയിൽ ചേർന്നേക്കും എന്നാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഏറ്റവും ഉയർന്ന തലങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും എംപിമാർ തങ്ങളുടെ താൽപ്പര്യം അറിയിച്ചിട്ടുണ്ടെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ 60 എംഎൽഎമാർ ഇതിനകംതന്നെ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി വിമതനീക്കം നടത്തിക്കഴിഞ്ഞു. പാർട്ടിക്കുള്ളിലെ അഴിമതിയും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ മമതയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
ഈ കൊഴിഞ്ഞുപോക്ക് ദേശീയ തലത്തിൽ തൃണമൂൽ കോൺഗ്രസിനും പ്രതിപക്ഷ സഖ്യത്തിനും വലിയ തിരിച്ചടിയാകും. നിലവിൽ പാർട്ടിയുടെ പേരും ചിഹ്നവും നിലനിർത്താനുള്ള കഠിനമായ പോരാട്ടത്തിലാണ് മമത ബാനർജി. പാർലമെന്റിന്റെ ഇരുസഭകളിലുമായി തൃണമൂൽ കോൺഗ്രസിന് ആകെ 41 എംപിമാരാണുള്ളത്, 28 പേർ ലോക്‌സഭയിലും 13 പേർ രാജ്യസഭയിലും.
എംപിമാരുടെ കൂടുമാറ്റം സംഭവിക്കുകയാണെങ്കിൽ, നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ കലാപം നേരിടുന്ന മമതയ്ക്ക് ഇത് വലിയൊരു തിരിച്ചടിയാകും. പാർലമെന്ററി ഗ്രൂപ്പിൽ ഒരു പിളർപ്പുണ്ടായാൽ അത് മമതയ്ക്ക് വലിയ പ്രഹരമായിരിക്കും. പ്രതിപക്ഷ പാർട്ടികളിലെ രണ്ടാമത്തെ വലിയ ഗ്രൂപ്പായ തൃണമൂലിലെ വിള്ളൽ പാർട്ടിയുടെയും പ്രതിപക്ഷത്തിന്റെയും കരുത്തിനെ പാർലമെന്റിൽ സാരമായി ബാധിക്കും.
ബിജെപിക്ക് ലോക്സഭയിൽ നിലവിൽ 240 എംപിമാരാണ് ഉള്ളത്. തൃണമൂലിന്റെ 20 എംപിമാർ ചേരുകയാണെങ്കിൽ ബിജെപിക്ക് 260 എംപിമാരാകും. ലോക്സഭയിൽ ബില്ലുകളും മറ്റും പാസ്സാക്കുന്നതിന് 272 എംപിമാരുടെ പിന്തുണയാണ് പാർട്ടിക്ക് തനിച്ചു വേണ്ടത്. അതുകൊണ്ടുതന്നെ ഇത്തരം സന്ദർഭങ്ങളിൽ എൻഡിഎ ഘടകകക്ഷികളുടെ പിന്തുണ കൂടി ബിജെപിക്ക് ആവശ്യമാണ്. തൃണമൂൽ എംപിമാർ കൂടി ബിജെപിക്കൊപ്പം ചേർന്നാൽ ഭരണകക്ഷിക്ക് കൂടുതൽ അംഗബലം ലഭിക്കുമെങ്കിലും തനിച്ചുള്ള ഭൂരിപക്ഷത്തിന് അപ്പോഴും 12 എംപിമാരുടെ കുറവുണ്ട്.
അതുപോലെ, രാജ്യസഭയിൽ മൊത്തം 245 സീറ്റുകളിൽ 113 അംഗങ്ങളാണ് ബിജെപിക്കുള്ളത്. അതുകൊണ്ടുതന്നെ 13 തൃണമൂൽ എംപിമാരുടെ കടന്നുവരവ് രാജ്യസഭയിൽ വലിയ ചലനം സൃഷ്ടിച്ചേക്കില്ല. രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെങ്കിൽ 164 അംഗങ്ങളെങ്കിലും വേണം.
ബംഗാളിലെ തൃണമൂൽ നിയമസഭാ കക്ഷി ഇതിനകം തന്നെ രണ്ടായി പിളർന്നിട്ടുണ്ട്. ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള 60 എംഎൽഎമാരുടെ വിമതവിഭാഗം തങ്ങളാണ് 'യഥാർത്ഥ' തൃണമൂൽ എന്ന് അവകാശപ്പെട്ടാണ് കഴിഞ്ഞ ദിവസം മുന്നോട്ടുവന്നത്. നിയമസഭാ സ്പീക്കറുടെ അംഗീകാരത്തോടെ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി നിയമിക്കുകയും ചെയ്തു.
മമത ബാനർജിക്കെതിരെ പരസ്യമായി കലാപം നടത്തിയ ഈ വിഭാഗം, നിയമസഭയിൽ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള മമതയുടെ തീരുമാനത്തെയാണ് വെല്ലുവിളിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ പാർട്ടിയിൽ അസ്വസ്ഥതകൾ പുകയുന്നുണ്ടായിരുന്നു. അഴിമതി, ആർജി കർ ബലാത്സംഗ-കൊലപാതക കേസ് കൈകാര്യം ചെയ്ത രീതി തുടങ്ങിയ വിഷയങ്ങളിൽ പല നേതാക്കളും പാർട്ടിയെ വിമർശിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി സുവേന്ദു അധികാരി വിളിച്ചുചേർത്ത യോഗത്തിൽ പലരും പങ്കെടുത്തിരുന്നു. വരുംദിവസങ്ങളിൽ ലോക്‌സഭയിലും രാജ്യസഭയിലും കൂടുതൽ പിളർപ്പുകൾ ഉണ്ടായേക്കാമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇത് വിമത വിഭാഗത്തിന്റെ നില മെച്ചപ്പെടുത്തും. അതേസമയം, പാർട്ടിയുടെ പേരും ചിഹ്നവും നിലനിർത്താനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ മമതയുടെ ശ്രദ്ധ. മഹാരാഷ്ട്രയിലെ മുൻ അനുഭവങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ ദൗത്യം ഏറെ പ്രയാസകരമായിരിക്കും.
പാർട്ടി സംവിധാനങ്ങളുടെ തകർച്ച, പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായത്, കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിമിനെപ്പോലെയുള്ള പ്രമുഖ നേതാക്കളുടെ രാജി എന്നിവ തന്റെ രാഷ്ട്രീയ സംഘടനയുടെ നിയന്ത്രണം നിലനിർത്താൻ പോരാടുന്ന മമത ബാനർജിയെ വലിയ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
Content Highlights: Approximately 20 Trinamool Congress MPs are in contact with the BJP for a potential switch. The TMC currently holds 41 seats in Parliament, making this a significant potential blow. The party is already facing a major internal rebellion led by 60 MLAs in the West Bengal Assembly. Mamata Banerjee is struggling to maintain control over the party name and symbol amidst the crisis. Recent controversies including the RG Kar rape-murder case have accelerated internal dissent.
Published: 04 Jun 2026, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented