കൊൽക്കത്ത: തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ഒന്നിനുപിറകെ ഒന്നായി തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ് (ടിഎംസി) പാർട്ടിയും നേതാവ് മമത ബാനർജിയും. ആഭ്യന്തര കലഹംകൊണ്ട് പൊറുതിമുട്ടി നിൽക്കുന്നതിനിടെ പശ്ചിമ ബംഗാളിലെ എല്ലാ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ടതായി അറിയിച്ചിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്.

To advertise here,

പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ പിന്തുണച്ച് 58 ടിഎംസി എംഎൽഎമാർ നിയമസഭാ സ്പീക്കറെ സമീപിച്ചതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് പശ്ചിമ ബംഗാളിലെ എല്ലാ സംഘടനാ കമ്മിറ്റികളും പിരിച്ചുവിടുന്നതായി പാർട്ടി അറിയിച്ചത്. പാർട്ടിയുടെ സംഘടനാ ഘടനയും പ്രവർത്തനവും സംബന്ധിച്ച് സമഗ്രമായ അവലോകനവും പ്രഖ്യാപിച്ചിട്ടുണ്ട്.

പരാജയപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിക്കുള്ളിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും പ്രവർത്തനം വിലയിരുത്താനും ലക്ഷ്യമിട്ടാണ് ഈ നീക്കം. പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി സമഗ്രമായ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്ന് അറിയിപ്പിൽ പറയുന്നു. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിച്ചുപണി ആയാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

നഷ്ടപ്പെട്ട നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഈ അപ്രതീക്ഷിത നടപടിയെന്ന്‌ പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ‘എക്‌സി’ലൂടെ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് ടിഎംസി പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്. 'ശ്രദ്ധാപൂർവ്വമായ പരിഗണനയ്ക്ക് ശേഷം, ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ പശ്ചിമ ബംഗാളിലെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും അടിയന്തരമായി പിരിച്ചുവിടാൻ തീരുമാനിച്ചു.' പ്രസ്താവനയിൽ പറയുന്നു.

എല്ലാ തലങ്ങളിലും സമഗ്രമായ ആത്മപരിശോധനയും പ്രകടന അവലോകനവും സംഘടനാപരമായ വിലയിരുത്തലും പാർട്ടി നടത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു. ഈ അവലോകനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, മാതൃസംഘടനയുടെയും പോഷക സംഘടനകളുടെയും ഘടന പുനഃസംഘടിപ്പിക്കുമെന്നും അത് യഥാസമയം പ്രഖ്യാപിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. എന്നാൽ, തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ പാർട്ടി വിശദമാക്കിയിട്ടില്ല. 

നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ടിഎംസിയിൽ ആഭ്യന്തരകലഹം രൂക്ഷമായതിന് പിന്നാലെയാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഇങ്ങനെയൊരു തീരുമാനം വരുന്നത്. ബുധനാഴ്ച, ടിഎംസിയിലെ ഒരു വിഭാഗം വിമത എംഎൽഎമാർ സ്പീക്കറെ സമീപിക്കുകയും പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട നേതാവ് ഋതബ്രത ബാനർജിയെ നിയമസഭാ കക്ഷി നേതാവായി നാമനിർദ്ദേശം ചെയ്തുകൊണ്ട് പിന്തുണ കത്തുകൾ നൽകുകയും ചെയ്തിരുന്നു.

'സംഘടനയെ ശക്തിപ്പെടുത്തുന്നതിനും പുതിയ ഊർജത്തോടെയും ലക്ഷ്യബോധത്തോടെയും ഭാവി വെല്ലുവിളികളെ നേരിടാൻ പാർട്ടിയെ സജ്ജമാക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.' ടിഎംസി പ്രസ്താവനയിൽ പറയുന്നു. സമീപ വർഷങ്ങളിൽ പാർട്ടി നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിക്കിടയിലാണ് ഈ നിർണായക നടപടി ഉണ്ടായിരിക്കുന്നത്.