
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. മമത ബാനർജിയുടെ കാളിഘട്ടിലെ വസതിയിൽ വിളിച്ചുചേർത്ത 80 എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുത്തത് 20 എംഎൽഎമാർ മാത്രം. അറുപതോളം എംഎൽഎമാർ എത്താതിരുന്നതിനാൽ യോഗം റദ്ദാക്കി.
തൃണമൂൽ നേതാക്കൾക്കുനേരെയുണ്ടായ അക്രമങ്ങൾക്കെതിരെയുള്ള പ്രാദേശിക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനാലാണ് എംഎൽഎമാർക്ക് യോഗത്തിന് എത്താൻ കഴിയാത്തതെന്നാണ് പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം. അഭിഷേക് ബാനർജിക്കും പാർട്ടി എംപി കല്യാൺ ബാനർജിക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നതിനാലാണ് എംഎൽഎമാർ യോഗത്തിൽനിന്ന് വിട്ടുനിന്നതെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് അറിയിച്ചു.
പലയിടങ്ങളിലും പാർട്ടി പ്രവർത്തകർക്ക് നേരെ പോലീസ് അക്രമങ്ങൾ ഉണ്ടാകുന്നതിനാൽ അറസ്റ്റിലായ പ്രവർത്തകരെ സഹായിക്കാനും ക്രമസമാധാന നില നിയന്ത്രിക്കാനും എംഎൽഎമാർ അവരുടെ മണ്ഡലങ്ങളിൽ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. എംഎൽഎമാരുടെ അഭ്യർഥന മാനിച്ചാണ് ഔദ്യോഗിക യോഗം റദ്ദാക്കിയതെന്നും യോഗത്തിന് എത്തിയ 20 എംഎൽഎമാരുമായി മമത ബാനർജി അനൗദ്യോഗിക ചർച്ചകൾ നടത്തിയതായും കുനാൽ ഘോഷ് കൂട്ടിച്ചേർത്തു. എംഎൽഎമാരെല്ലാം പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുന്നുണ്ടെന്നും വരുംദിവസങ്ങളിൽ യോഗം വീണ്ടും ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ അടുത്ത 48 മണിക്കൂർ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് തൃണമൂൽ കോൺഗ്രസ് തീരുമാനം. തിങ്കളാഴ്ച ഗ്രാമീണ മേഖലകളിൽ ബ്ലോക്ക് തലത്തിലും നഗരങ്ങളിൽ വാർഡ് തലത്തിലും റാലികൾ നടക്കും. ചൊവ്വാഴ്ച കൊൽക്കത്തയിലെ റാണി രാഷ്മണി റോഡിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ ഏകദിന ധർണ സംഘടിപ്പിക്കും.
ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലേറിയ ശേഷം നടത്തുന്ന അക്രമങ്ങൾക്കും വ്യാപക ഒഴിപ്പിക്കൽ നടപടികൾക്കുമെതിരെയാണ് സമരം. ജൂൺ രണ്ടിന് ധർണ വേദിയിൽ വെച്ച് പാർട്ടിയുടെ അടുത്ത രാഷ്ട്രീയ പരിപാടികൾ പ്രഖ്യാപിക്കുമെന്നും കുനാൽ ഘോഷ് അറിയിച്ചു.
Content Highlights: Mamata Banerjee cancelled a meeting with 80 MLAs after only 20 attended., TMC claims MLAs were busy leading local protests against attacks on leaders., Protests planned against the BJP government regarding street vendor evictions., State-wide rallies scheduled followed by a dharna in Kolkata on June 2nd.
Published: 01 Jun 2026, 10:06 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented