ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക സ്ഥാപിക്കാനൊരുങ്ങി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ). 418 അടി ഉയരമുള്ള പതാക അട്ടാരി അതിര്‍ത്തയിലാണ് സ്ഥാപിക്കുന്നത്. പാകിസ്താന്‍ അട്ടാരിയില്‍ ഉയര്‍ത്തിയിരിക്കുന്ന പതാകയെക്കാള്‍ ഉയരത്തിലാവും ഇതോടെ ഇന്ത്യന്‍ ദേശീയ പതാക.

To advertise here,

300 അടി ഉയരമുള്ള നിലവിലുള്ള പതാക 2017 മാര്‍ച്ചിലായിരുന്നു സ്ഥാപിച്ചത്. അതിനു പകരമെന്നോണം 400 അടി ഉയരത്തില്‍ വാഗാ ചെക്ക് പോസ്റ്റിനു സമീപം പാകിസ്താനും പതാക സ്ഥാപിച്ചു. എന്നാല്‍ എന്‍.എച്ച്.എ.ഐ പുതുതായി സ്ഥാപിക്കുന്ന ദേശീയ പതാകയ്ക്ക് പാകിസ്താന്‍ പതാകയെക്കാള്‍ 18 അടിയോളം ഉയരമുണ്ടാവും.

കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അനുമതി ലഭിച്ചശേഷം പദ്ധതിയാരംഭിക്കും. 20 ദിവസത്തിനുള്ളില്‍ നിര്‍മ്മാണം തുടങ്ങും. നിലവിലുള്ള പതാക എടുത്തു മാറ്റാന്‍ തീരുമാനിച്ചില്ലെന്നും പുതിയ പതാകയുടെ നിര്‍മ്മാണം പൂര്‍ത്തിയായശേഷം തീരുമാനമെടുക്കുമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതര്‍ അറിയിച്ചു. അട്ടാരി അതിര്‍ത്തിയും സമീപ പ്രദേശങ്ങളും സൗന്ദര്യവത്ക്കരിക്കാനും നാഷണല്‍ ഹൈവേ അതോറിറ്റി പദ്ധതിയിടുന്നുണ്ട്. കാണാടകയിലെ ബെല്‍ഗാം കോട്ടയിലാണ് നിലവില്‍ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പതാകയുള്ളത്. 361 അടിയാണ് ഉയരം.